
സ്വന്തം ലേഖകൻ: മന്ത്രിമാർക്കെതിരെയും മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും പരാതി നൽകാനും അന്വേഷണം നടത്താനും അവസരം നൽകുന്ന പുതിയ നിയമം യുഎഇ അവതരിപ്പിച്ചു. യുഎഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ നിയമത്തിന് അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.
യുഎഇ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനാണ് നിയമം നടപ്പാക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്ന മുതിർന്ന ഉദ്യോഗസ്ഥർക്ക് യാത്രാനുമതി നിഷേധിക്കാനും സ്വത്ത് മരവിപ്പിക്കാനുമുള്ള അവകാശം അറ്റോണി ജനറലിനുണ്ടാകും. ഭരണപരവും സാമ്പത്തികവുമായ കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കാം. വീഴ്ച കണ്ടെത്തിയാൽ മന്ത്രിയെ ശാസിക്കാനും ചുമതലയിൽനിന്ന് പുറത്താക്കാനും ആനുകൂല്യം തടയാനും നിയമം വ്യവസ്ഥചെയ്യുന്നു.
എല്ലാവരിൽനിന്നും പരാതി സ്വീകരിക്കാൻ അവകാശം പ്രോസിക്യൂട്ടർക്കുണ്ടാകും. എന്നാൽ, തുടർനടപടികൾക്ക് സുപ്രീം കൗൺസിലിെൻറ അനുമതി തേടണം. അനുമതിയില്ലാതെ മന്ത്രിമാരെയോ ഉദ്യോഗസ്ഥരെയോ ചോദ്യം ചെയ്യാനോ അന്വേഷണം നടത്താനോയുള്ള അധികാരം പ്രോസിക്യൂട്ടർക്കില്ല. ഉദ്യോഗസ്ഥർക്കെതിരായ പരാതി ലഭിച്ചാൽ പ്രോസിക്യൂട്ടർ മന്ത്രിസഭയെ അറിയിക്കണം.
അതേസമയം, മന്ത്രിക്കെതിരായ പരാതിയാണെങ്കിൽ വിവരം രഹസ്യസ്വഭാവത്തിൽ കാബിനറ്റിെൻറ ചുമതലയുള്ള മന്ത്രിയെ അറിയിക്കണം. നിലവിൽ മുഹമ്മദ് അൽ ഗർഗാവിക്കാണ് കാബിനറ്റിെൻറ ചുമതല. അന്വേഷണവുമായി മുന്നോട്ടുപോകണോ എന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ കാബിനറ്റ് മന്ത്രി തീരുമാനിക്കും. അന്വേഷണം തുടരാനാണ് തീരുമാനമെങ്കിൽ വിവരം പ്രധാനമന്ത്രിയെ അറിയിക്കണം. അനുമതി ലഭിച്ചാൽ നിയമബിരുദം നേടിയ പബ്ലിക് പ്രോസിക്യൂട്ടറായിരിക്കും അന്വേഷണം നടത്തുക.
കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ അറ്റോണി ജനറൽ റിപ്പോർട്ട് കാബിനറ്റ്കാര്യ മന്ത്രിക്ക് കൈമാറും. ഈ റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിച്ചശേഷം അദ്ദേഹത്തിെൻറ അനുമതിയോടെയാകും തുടർനടപടികളുമായി മുന്നോട്ടുപോകുക. പരാതിയുമായി മുന്നോട്ടുപോകേണ്ടെന്നാണ് അറ്റോണി ജനറലിെൻറ തീരുമാനമെങ്കിലും വിവരം കാബിനറ്റ് കാര്യമന്ത്രിയെയും പ്രധാനമന്ത്രിയെയും അറിയിക്കണം.
യാത്രാവിലക്കേർപ്പെടുത്തൽ, സ്വത്ത് മരിപ്പിക്കൽ, ഭാര്യയുടെയും കുട്ടികളുടെയും സ്വത്ത് മരവിപ്പിക്കൽപോലുള്ള നടപടികളെടുക്കാനുള്ള ചുമതല അറ്റോണി ജനറലിനായിരിക്കും. റിപ്പോർട്ടിനെതിരെ മന്ത്രിയോ മുതിർന്ന ഉദ്യോഗസ്ഥനോ പരാതി നൽകിയാൽ രണ്ടാഴ്ചക്കകം തീരുമാനം എടുക്കണം. പബ്ലിക് പ്രോസിക്യൂട്ടറായിരിക്കും കേസ് കോടതിയിൽ ഫയൽ ചെയ്യുക. റിപ്പോർട്ട് പഠിച്ചശേഷം കോടതി അന്തിമവിധി പ്രഖ്യാപിക്കും.
മാത്രമല്ല യാത്രാ വിലക്ക് നീക്കാനും സ്വത്ത് മരവിപ്പിക്കൽ ഒഴിവാക്കാനും കോടതിക്ക് അധികാരമുണ്ട്. വിധി പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം. സ്വത്ത് മരവിപ്പിക്കൽ, യാത്രാവിലക്ക് എന്നിവയിൽ മൂന്ന് മാസത്തിന് ശേഷമേ അപ്പീൽ നൽകാൻ കഴിയൂ. ആറ് ജഡ്ജിമാരുടെ കമ്മിറ്റിയായിരിക്കും അപ്പീലിൽ അന്തിമവിധി പറയുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല