1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 26, 2022

സ്വന്തം ലേഖകൻ: സെപ്റ്റംബർ ഒന്നു മുതൽ യുഎഇ വീസ അനുവദിക്കുന്നത് ഉദാരവും വിപുലവുമാക്കുന്നു. സന്ദർശക, തൊഴിൽ, ദീർഘകാല വീസകൾ ഇതിൽ ഉൾപ്പെടും. പ്രവേശനാനുമതികളും താമസ വീസ വ്യവസ്ഥകളും പരിഷ്കരിക്കാനുള്ള ഏപ്രിൽ പകുതിയോടെ കൈക്കൊണ്ട യുഎഇ മന്ത്രിസഭാ തീരുമാനമാണ് അടുത്ത മാസം പ്രാബല്യത്തിലാകുന്നത്. ചിലത് ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുമുണ്ടെന്ന് വീസാ കാര്യവിദഗ്ധന്‍ മുഹമ്മദ് സഇൗദ് സെയ്ഫ് റാഷിദ് അൽ നഖ്ബി, ബിസിനസ് കൺസൾട്ടന്റ് ഇഖ്ബാൽ മാർക്കോണി എന്നിവർ പറഞ്ഞു.

സന്ദർശകർക്ക് ഒരു ആതിഥേയനോ സ്പോൺസറോ ആവശ്യമില്ലെന്നതാണ് പ്രധാന സവിശേഷത. സന്ദർശനത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്ന, വ്യത്യസ്ത കാലയളവുകൾ സന്ദർശക വീസകൾ വാഗ്ദാനം ചെയ്യുന്നു. യുഎഇയെ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി പരിവർത്തനം ചെയ്യുകയാണ് പ്രധാന ലക്ഷ്യം. തൊഴിൽ വീസകളുടെ പ്രധാന മാറ്റം ഉയർന്ന വൈദഗ്ധ്യമുള്ളവർക്കു ദീർഘകാല വീസ നൽകുമെന്നതാണ്.

യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ എൻട്രി, റസിഡൻസി പരിഷ്കാരമാണിത്. യുഎഇയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്കും ഇവ പ്രയോജനം ചെയ്യും. യുഎഇയിൽ ദീർഘകാല സാന്നിധ്യം ആഗ്രഹിക്കുന്ന, ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും ആകർഷകമാകും. മാറ്റങ്ങൾ യുഎഇയെ കൂടുതൽ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുമെന്നാണ് പ്രതീക്ഷ.

അഞ്ചു വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വീസയാണ് ഇതിൽ ഏറ്റവും പ്രധാനം. ഈ വീസയ്ക്ക് ഒരു സ്പോൺസർ ആവശ്യമില്ല. കൂടാതെ 90 ദിവസം വരെ യുഎഇയിൽ താമസിക്കാൻ വ്യക്തിയെ അനുവദിക്കുന്നുമുണ്ട്. ഇത് 90 ദിവസത്തേയ്ക്ക് കൂടി നീട്ടാം. ഈ ടൂറിസ്റ്റ് വീസയിൽ ഒരാൾക്ക് പരമാവധി 180 ദിവസം താമസിക്കാം. അപേക്ഷിക്കുന്നതിന് മുന്‍പ് കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 4,000 ഡോളർ (14,700 ദിർഹം) അല്ലെങ്കിൽ തത്തുല്യ വിദേശ കറൻസിയിൽ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം.

ബിസിനസ് വീസ

നിക്ഷേപകർക്കും സംരംഭകർക്കും ഒരു സ്പോൺസറോ ആതിഥേയനോ ആവശ്യമില്ലാതെ ബിസിനസ് വീസ സ്വന്തമാക്കാം.

ബന്ധുക്കളെ/സുഹൃത്തുക്കളെ സന്ദർശിക്കാനുള്ള വീസ

യുഎഇ പൗരന്റെയോ താമസക്കാരന്റെയോ ബന്ധുവോ സുഹൃത്തോ ആണെങ്കിൽ ഈ വീസയ്ക്ക് അപേക്ഷിക്കാം.

താത്കാലിക തൊഴിൽ വീസ

പ്രൊബേഷൻ ടെസ്റ്റിങ് അല്ലെങ്കിൽ പദ്ധതി അധിഷ്ഠിത ജോലി പോലെയുള്ള താൽക്കാലിക തൊഴിൽ നിയമനം ഉള്ളവർക്ക് ഈ വീസയ്ക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഒരു താൽക്കാലിക തൊഴിൽ കരാറോ തൊഴിലുടമയിൽ നിന്നുള്ള കത്തോ ഹാജരാക്കണം.

പഠന/പരിശീലനത്തിനുള്ള വീസ

പരിശീലനം, പഠന കോഴ്സുകൾ, ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകളെയോ വിദ്യാർത്ഥികളെയോ ലക്ഷ്യമിട്ടുള്ളതാണിത്. പൊതു-സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾക്ക് ഈ വീസ സ്പോൺസർ ചെയ്യാം. പഠനത്തിന്റെയോ പരിശീലനത്തിന്റെയോ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെയോ വിശദാംശങ്ങൾ വ്യക്തമാക്കുന്ന, സ്ഥാപനത്തിൽ നിന്നുള്ള ഒരു കത്ത് ഇതിന് ആവശ്യമാണ്.

കുടുംബ വീസ

മാതാപിതാക്കൾക്ക് 18 വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമേ ഇതുവരെ സ്പോൺസർ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ. ഇനി 25 വയസ്സ് വരെയുള്ള ആൺകുട്ടികളെ സ്പോൺസർ ചെയ്യാം. വികലാംഗരായ കുട്ടികൾക്കും പ്രത്യേക പെർമിറ്റ് ലഭിക്കും. അവിവാഹിതരായ പെൺമക്കളെ അനിശ്ചിതകാലത്തേക്ക് സ്പോൺസർ ചെയ്യാം.

തൊഴിൽ വീസ

തൊഴിലന്വേഷകർക്ക് യുഎഇയിലെ അവസരങ്ങൾ അടുത്തറിയാൻ ഈ പുതിയ വീസ പ്രയോജനപ്പെടുത്താം. ഈ വീസയ്ക്ക് ഒരു സ്പോൺസറോ ഹോസ്റ്റോ ആവശ്യമില്ല. ലോകത്തിലെ ഏറ്റവും മികച്ച 500 സർവ്വകലാശാലകളിൽ നിന്നുള്ള ബാച്ചിലേഴ്സ് ഡിഗ്രി ഹോൾഡർമാർക്കോ അതിന് തുല്യമായ പുതിയ ബിരുദധാരികൾക്കോ ഒന്നാമത്തേതോ രണ്ടാമത്തേതോ മൂന്നാമത്തേതോ നൈപുണ്യ തലങ്ങളിൽ തരംതിരിച്ചിട്ടുള്ളവർക്കും ഇത് അനുവദിക്കും.

ഗ്രീൻ വീസ

ഈ അഞ്ചു വർഷത്തെ വീസ ഉടമകൾക്ക് ഒരു സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ കുടുംബത്തെ കൊണ്ടുവരാം. വൈദഗ്ധ്യമുള്ള തൊഴിലാളികൾ, സ്വയം തൊഴിൽ ദാതാക്കൾ, ഫ്രീലാൻസർമാർ തുടങ്ങിയവർക്കായി ഈ വീസ ലഭ്യമാണ്. മറ്റ് ആവശ്യകതകളിൽ, ഒരു ബാച്ചിലേഴ്സ് ബിരുദമുണ്ടായിരിക്കണം. കുറഞ്ഞ ശമ്പളം 15,000 ദിർഹവും ഉൾപ്പെടുന്നു.

ഗോൾഡൻ വീസകൾ

ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ മികച്ച ജീവിത നിലവാരം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന പ്രഫഷണൽ വിഭാഗങ്ങൾക്കും നിക്ഷേപകർക്കുമായുള്ളതാണ് യുഎഇ ഗോൾഡൻ വീസ.

റിയൽ എസ്റ്റേറ്റ് വീസകൾ

ഇൗ വീസയ്ക്ക് യോഗ്യത നേടുന്നതിന് റിയൽ എസ്റ്റേറ്റിൽ കുറഞ്ഞത് 20 ലക്ഷം ദിർഹം നിക്ഷേപം ആവശ്യമാണ്. മോർട്ട്ഗേജ്, ഓഫ്-പ്ലാൻ പ്രോപ്പർട്ടികൾ എന്നിവയിലുള്ള നിക്ഷേപകർക്കും അനുവദനീയം.

പുതു സംരംഭകർക്ക് ഇപ്പോൾ മൂന്ന് വിഭാഗങ്ങൾക്ക് കീഴിൽ ഗോൾഡൻ വീസ ലഭിക്കും – (1) രാജ്യത്ത് റജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ (2) എസ്എംഇയുടെ കീഴിലുള്ളവയ്ക്ക് (3) വാർഷിക വരുമാനം 10 ലക്ഷം ദിർഹമോ അതിൽ കൂടുതലോ ഉള്ളവർക്ക്.

ശാസ്ത്രജ്ഞർ: എമിറേറ്റ്‌സ് സയൻസ് കൗൺസിലിൽ നിന്നുള്ള ശുപാർശ, ലൈഫ് സയൻസ്, നാച്ചുറൽ സയൻസ്, ടെക്‌നോളജി, എൻജിനീയറിങ് എന്നിവയിൽ ഉന്നത സർവകലാശാലയിൽ നിന്നുള്ള പിഎച്ച്ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയാണ് കണക്കാക്കുന്നത്.

അസാധാരണ പ്രതിഭ: കല, സംസ്‌കാരം, ഡിജിറ്റൽ ടെക്‌നോളജി, സ്‌പോർട്‌സ്, ഇന്നൊവേഷൻ, ആരോഗ്യം, നിയമം എന്നീ മേഖലകളിൽ അസാധാരണ കഴിവുള്ളവർക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം. അവർക്ക് ബന്ധപ്പെട്ട സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള ശുപാർശ കത്ത് അല്ലെങ്കിൽ അംഗീകാരം ആവശ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.