1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2022

സ്വന്തം ലേഖകൻ: യുഎഇ ഗവൺമെൻറ് കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച പുതിയ വിസകൾ അടുത്ത മാസം പ്രാബല്യത്തിൽ വരും. അഞ്ചുവർഷ ഗ്രീൻവിസ, മൾടിപ്പ്ൾ എൻട്രി ടൂറിസ്റ്റ് വിസ, തൊഴിലന്വേഷകർക്ക് പ്രത്യേക എൻട്രി പെർമിറ്റ്, ചികിത്സ-വിദ്യാഭ്യാസ വിസ തുടങ്ങിയവയാണ് അടുത്ത മാസം നിലവിൽ വരിക.

സ്‌പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ചുവർഷം വരെ ജോലി ചെയ്യാനും യു.എ.ഇയിൽ താമസിക്കാനും അനുമതി നൽകുന്നതാണ് ഗ്രീൻവിസകൾ. സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലി, വിദ്ഗധതൊഴിലാളികൾ എന്നിവർക്കാണ് പ്രധാനമായും അഞ്ച് വർഷത്തെ ഗ്രീൻവിസ ലഭിക്കുക. വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് ബിരുദം ആവശ്യമാണ്.

മാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം വേണം. യു.എ.ഇയിൽ ഏതെങ്കിലും സ്ഥാപനവുമായി തൊഴിൽ കരാറുണ്ടായിരിക്കണം. തൊഴിൽമന്ത്രാലയത്തിൽ നിന്ന് സ്വയം തൊഴിൽ അനുമതി നേടണം. ഡിഗ്രിയോ ഡിപ്ലോമയോ വേണം. മുൻവർഷം കുറഞ്ഞത് 3,60,000 ദിർഹം വരുമാനമുണ്ടാക്കിയിരിക്കണം എന്നിങ്ങനെ നിബന്ധനകളുണ്ട്. യുഎഇയിൽ താമസിക്കുന്ന വനിതകളുടെ ഭർത്താവ് മരിക്കുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലും ഗ്രീൻവിസ പ്രഖ്യാപിച്ചിരുന്നു.

മറ്റ് രാജ്യങ്ങളിലെ ജോലികൾ യു.എ.ഇയിൽ ഇരുന്ന് ചെയ്യുന്നതിന് ഒരുവർഷത്തെയും റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് രണ്ടുവർഷത്തെയും ഗ്രീൻവിസക്ക് അർഹതയുണ്ടാകും. ഗ്രീൻവിസക്കാർക്ക് തങ്ങളുടെ വിസാ കാലാവധിയുടെ അത്ര കുടുംബത്തെയും സ്‌പോൺസർ ചെയ്യാം. 25 വയസ് വരെ ആൺമക്കളെ സ്‌പോൺസർ ചെയ്യാം. പെൺമക്കളെ പ്രായപരിധിയില്ലാതെ സ്‌പോൺസർ ചെയ്യാമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.

തൊഴിലന്വേഷകർക്ക് സ്‌പോൺസർ ആവശ്യമില്ലാത്ത പുതിയ സന്ദർശക വിസയും അടുത്ത മാസം മുതലാണ് പ്രതീക്ഷിക്കുന്നത്. ചികിത്സ, വിദ്യാഭ്യാസം തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി പത്ത് തരം സന്ദർശക വിസകളാണ് യുഎഇ ഏപ്രിലിൽ പ്രഖ്യാപിച്ചത്. പുതിയ വിസകൾ യു.എ.ഇയിലെ പ്രവാസികൾക്കും സന്ദർശകർക്കും കൂടുതൽ ഗുണകരമാകുമെന്നാണ് വിലയിരുത്തുന്നത്. വിദേശനിക്ഷേപകങ്ങൾക്ക് യോജിച്ച ഇടമാക്കി യു.എ.ഇയെ മാറ്റാൻ കൂടി പുതിയ നീക്കം ലക്ഷ്യമിടുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.