
സ്വന്തം ലേഖകൻ: നാലര പ്രവൃത്തിദിനങ്ങളും രണ്ടര അവധിദിനങ്ങളും എന്ന പുതിയ ക്രമത്തിലേക്ക് ഷാർജ ഒഴികെയുള്ള എമിറേറ്റുകൾ ജനുവരി ഒന്നു മുതൽ മാറുമ്പോൾ അതിന് അനുസരിച്ചുള്ള മാറ്റങ്ങൾക്ക് തയാറെടുക്കുകയാണ് പ്രവാസികൾ ഉൾപ്പടെയുള്ളവർ. പൊതുമേഖലയിലെ സമയക്രമം സംബന്ധിച്ച് മിക്കവാറും കമ്പനികൾക്ക് മാർഗനിർദേശങ്ങൾ ലഭിച്ചു കഴിഞ്ഞു.
അതേ സമയം സ്വകാര്യ മേഖലയിലുള്ള കമ്പനികളുടെ പ്രവർത്തന സമയം സംബന്ധിച്ച് മിക്കിയിടത്തും അനിശ്ചിതത്വവും അവ്യക്തതയും തുടരുന്നുണ്ട്. സ്വകാര്യ ബാങ്കുകൾക്കും വ്യക്തമായ മാർഗനിർദേശങ്ങൾ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ വീടുകളിൽ പുതിയ സമയക്രമം സംബന്ധിച്ച് ആശങ്കയുമുണ്ട്.
അതേ സമയം പ്രവൃത്തി സമയ മാറ്റം ബിസിനസ്സുകൾക്കും പ്രയോജനപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ആഗോളതലത്തിൽ വ്യാപാരം നടത്തുന്ന കമ്പനികൾക്കും വ്യക്തികൾക്കുമെല്ലാം കൂടുതൽ സമയം വിദേശനാണ്യ വിനിമയത്തിനും മറ്റും ലഭിക്കും. ബാങ്കിങ് മേഖല, ഐടി രംഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട കമ്പനികൾക്കും പ്രയോജനമാണ്. വിപ്ലവകരമായ തീരുമാനമാണ് ഭരണാധികാരികൾ സ്വീകരിച്ചിരിക്കുന്നത്.
യുഎഇയിലെ വെള്ളിയാഴ്ച അവധിയും ആഗോളതലത്തിലെ ശനി, ഞായർ അവധികളും കാരണം ഫലത്തിൽ ഇടപാടുകൾക്ക് മൂന്നുദിവസ തടസ്സമായിരുന്നു. സുഗമമായ രാജ്യാന്തര സാമ്പത്തിക ഇടപാടുകൾക്ക് നാലു ദിവസം മാത്രമാണ് ഇതുവരെ ലഭിച്ചിരുന്നത്. ഇതിനാണ് പ്രധാനമായും മാറ്റം വരാൻ പോകുന്നത്. ലെറ്റർ ഓഫ്ക്രെഡിറ്റ്, ഡോളർ വിനിമയം ഇതിനെല്ലാം പുതിയ മാറ്റം സഹായകരം.
അവധികളുടെ ഏകീകരണം നടക്കുന്നതു മൂലം യാത്ര പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും ഇത് ഏറെ ഗുണകരമാണ്. അതേസമയം ജിസിസി ആസ്ഥാനമായുള്ള കമ്പനികൾക്ക് ചെറിയ ബുദ്ധിമുട്ടുകളും ഉണ്ടാകും. ഏതായാലും ആർടിഎ അടക്കമുള്ളവയുടെ സമയമാറ്റത്തിൽ പ്രധാനമായും ഞായറാവും ഇനി പൊതുഅവധി എന്നതാണ് വ്യക്തമാകുന്നത്.
ഇതനുസരിച്ച് ശനി, ഞായർ ദിനങ്ങളായിരുന്നു വാരാന്ത്യ അവധിയാകുക. ബാങ്കുകളുടെ അവധിയും ഇതിനനുസരിച്ചാവും മാറുക. പുതുവൽസരം ഇത്തവണ യുഎഇയിൽ അൽപം ദീർഘമായിത്തന്നെ ആഘോഷിക്കാം. അടിച്ചുപൊളിക്കാൻ വെള്ളിയാഴ്ച ഉച്ച മുതൽ സർക്കാർ ജീവനക്കാർക്ക് സാധിക്കും. രണ്ടര ദിവസത്തെ ആഘോഷം കഴിഞ്ഞ് തിങ്കളാഴ്ച മുതൽ ഓഫിസിൽ പോയാൽ മതി.
പുതിയ സമയക്രമത്തിലേക്ക് മാറാൻ കുടുംബമായി താമസിക്കുന്നവരും തയാറെടുപ്പുകൾ തുടങ്ങി.ജോലിക്കാരായ മാതാപിതാക്കൾ പ്രധാനമായും കുട്ടികളുടെ സ്കൂൾ, ബേബി സിറ്റ് സമയം, വാരാന്ത്യ ഷോപ്പിങ്, ഔട്ടിങ് എന്നിവയെല്ലാം മാറ്റി പുതിയ ക്രമത്തിലേക്കു വരാനുള്ള തയാറെടുപ്പിലാണ്.
അവധി ദിനങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നതോടെ ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സമയവും മാറും. ജനുവരി മൂന്ന് മുതലാണ് മെട്രോ, ബസ്, ട്രാം സമയങ്ങൾ മാറുക. അതേസമയം സൗജന്യ പാർക്കിങ് വെള്ളിയാഴ്ചകളിൽ മാത്രമായി തുടരും. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർ.ടി.എ) ഇക്കാര്യം അറിയിച്ചത്.
പുതിയ അവധി ദിനമായ ഞായറാഴ്ച രാവിലെ എട്ട് മുതൽ പുലർച്ച 1.15 വരെയായിരിക്കും മെട്രോ സർവീസ്. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ പുലർച്ചെ 2.15 വരെ സർവീസ് നടത്തും. മറ്റ് ദിവസങ്ങളിൽ രാവിലെ അഞ്ച് മുതൽ പുലർച്ച 1.15 വരെ മെട്രോ ഓടും. ദുബൈ ട്രാം ഞായറാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ പുലർച്ച ഒന്ന് വരെ സർവീസ് നടത്തും. മറ്റ് ദിവസങ്ങളിൽ രാവിലെ ആറ് മുതൽ പുലർച്ച ഒന്ന് വരെയായിരിക്കും സർവീസ്. തിരക്ക് അനുസരിച്ച് ബസ് സമയങ്ങളിലും മാറ്റമുണ്ടാകും.
അതേസമയം സൗജന്യ പാർക്കിങ് നിലവിലേത് പോലെ വെള്ളിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും തന്നൊയിയിരിക്കും. ഫ്‌ളോട്ടിങ് ബ്രിഡ്ജ് അടക്കുന്ന സമയം രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയായി പുതുക്കി. ഫെബ്രുവരി രണ്ട് മുതലായിരിക്കും ഇത് പ്രാബല്യത്തിൽ വരുന്നത്. ആർ.ടി.എയുടെ പ്രധാന ഓഫിസുകൾ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കില്ല. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെ തുറക്കും. മറ്റ് ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചക്ക് 3.30 വരെയായിരിക്കും പ്രവർത്തന സമയം.
ആർ.ടി.എയുടെ സാങ്കേതിക പരിശോധന കേന്ദ്രങ്ങൾ ശനിയാഴ്ച അവധിയായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ ഒമ്പത് വരെ പ്രവർത്തിക്കും. കസ്റ്റമർ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കും. ശനിയും ഞായറും അവധിയായിരിക്കും. വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ പ്രവർത്തിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല