1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2023

സ്വന്തം ലേഖകൻ: മുസ്ലിംകള്‍ അല്ലാത്തവരുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പ്രത്യേക കരട് ഫെഡറല്‍ നിയമത്തിന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) അംഗീകാരം നല്‍കി. സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് കരട് നിയമം ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഫ്രീ സോണ്‍ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നവ ഉള്‍പ്പെടെ രാജ്യവ്യാപകമായി അത്തരം എല്ലാ സ്ഥലങ്ങള്‍ക്കും പുതിയ നിയമം ബാധകമായിരിക്കും. അബുദാബിയിലെ പാര്‍ലമെന്റ് ആസ്ഥാനത്ത് എഫ്എന്‍സി സ്പീക്കര്‍ സഖര്‍ ഘോബാഷിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനമാണ് കരട് നിയമം ചര്‍ച്ച ചെയ്ത് അംഗീകാരം നല്‍കിയത്.

രാജ്യത്തെ മുസ്ലിം ഇതര വിശ്വാസികളുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവ പരിശോധിക്കാനും തരംതിരിക്കാനും ഒരു കമ്മിറ്റി രൂപീകരിക്കാനും കരട് നിയമം നിര്‍ദ്ദേശിക്കുന്നു. ഇതുമായി ബന്ധപ്പെട്ട വിവിധ മന്ത്രാലയങ്ങളുടെ ശുപാര്‍ശകളെ അടിസ്ഥാനമാക്കി, സമിതിയുടെ ഘടന, പ്രവര്‍ത്തന സംവിധാനം, മറ്റ് ഉത്തരവാദിത്തങ്ങള്‍ എന്നിവയെക്കുറിച്ച് യുഎഇ കാബിനറ്റ് തീരുമാനിക്കും.

ആരാധനാലയങ്ങള്‍, അവയുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യാന്‍ ഒരു പ്രത്യേക സംവിധാനം ഇതിന്റെ ഭാഗമായി ഒരുക്കും. ഈ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആരാധനാ സംവിധാനങ്ങള്‍ക്കു മാത്രമേ രാജ്യത്ത് പ്രര്‍ത്തനാനുമതി ഉണ്ടായിരിക്കുകയുള്ളൂ. അല്ലാത്തവ അനധികൃത ആരാധനാ സംവിധാനമായി കണക്കാക്കപ്പെടും. ആരാധനാലയങ്ങള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചില നിബന്ധനകളും കരട് നിയമം മുന്നോട്ടുവയ്ക്കുന്നുണ്ട്. ആരാധനയ്ക്കായി മുറികള്‍ അനുവദിക്കുന്നതിന് കൃത്യമായ വ്യവസ്ഥകളും നടപടിക്രമങ്ങളും ഉണ്ടായവണമെന്നതാണ് അതിലൊന്ന്.

ഓരോ സ്ഥാപനത്തിനും അതിന്റെ ആവശ്യകതയും സ്വഭാവവും അനുസരിച്ച് ലൈസന്‍സ് നല്‍കണം. നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്‍സ് നിശ്ചയിച്ചിട്ടുള്ള നിയമങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും അനുസൃതമായി, ഓരോ ആരാധനാലയവും ഒരു പ്രാദേശിക ബാങ്കില്‍ ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും നിര്‍ദ്ദിഷ്ട നിയമം ആവശ്യപ്പെടുന്നു.

നിലവില്‍ പ്രവര്‍ത്തിക്കുന്ന ആരാധനാ കേന്ദ്രങ്ങള്‍ പുതിയ നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് അനുസരിച്ച് ആറ് മാസത്തിനകം നിയമവിധേയമാക്കണം. നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലും മുറികളിലും മാത്രമായിരിക്കണം ആരാധന. സംഘമായോ മറ്റോ അധികൃതരുടെ അനുമതി കൂടാതെ ആരാധനാ കര്‍മങ്ങള്‍ നിര്‍വ്വഹിച്ചാല്‍ പിഴയീടാക്കും. അനുമതി കൂടാതെ ആരാധനാ മുറികള്‍ അനുവദിക്കുന്നവരും പിഴ ശിക്ഷയും ഇതര നടപടികളും നേരിടേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.