1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2022

സ്വന്തം ലേഖകൻ: വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് യുഎഇയിലേക്ക് പ്രവേശനമില്ലെന്ന് അധികൃതര്‍. ജനുവരി 10 മുതല്‍ നിയമം പ്രബല്യത്തില്‍ വരും. പൂര്‍ണ്ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്. നാഷണല്‍ ക്രൈസിസ് ആന്റ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവുമാണ് ഇക്കാര്യം പുതിയ നിര്‍ദേശം പുറത്തിറക്കിയത്.

ശാരീരിക പ്രശ്‌നങ്ങള്‍ മൂലം വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവരെ പുതിയ നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ലോകത്താകമാനം ഒമിക്രോണ്‍ വകഭേദം ഉയര്‍ന്ന തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാലും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം ഉയര്‍ന്നതിനാലുമാണ് പുതിയ നിയന്ത്രണം നിലവില്‍ വന്നത്. വൈറസിന്റെ വന്‍തോതിലുള്ള വ്യാപനം, അണുബാധകളുടെ വര്‍ദ്ധനവ്, ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍ എന്നിവയും ഒമിക്രോണ്‍ വ്യാപനത്തെ കുറിച്ചുള്ള ഭയം ഉയര്‍ത്തുന്നതിനാല്‍ ധാരാളം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, യൂനിവേഴ്സിറ്റികളിലും കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കൊണ്ടുവരാനുള്ള തീരുമാനവുമായി യുഎഇ അധികൃതര്‍. തത്ക്കാലം പൂര്‍ണമായും ഓണ്‍ലൈന്‍ പഠനരീതിയിലേക്ക് മാറുന്നില്ലെങ്കിലും വിദ്യാലയങ്ങളിലെ കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമാക്കാണ് അധികൃതരുടെ തീരുമാനം. അവധി കഴിഞ്ഞ് ജനുവരി മൂന്നിന് അടുത്ത സെമസ്റ്റര്‍ ക്ലാസ്സുകള്‍ തുടങ്ങുന്നതോടെ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരും.

ക്ലാസുകളില്‍ കുട്ടികള്‍ തമ്മില്‍ കൂടിച്ചേരാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോറിറ്റി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കുട്ടികള്‍ പരമാവധി സമയം സ്വന്തം ക്ലാസ്സില്‍ തന്നെ നില്‍ക്കുന്ന സാഹചര്യം സൃഷ്ടിക്കണം. മറ്റു ക്ലാസ്സുകളിലെ കുട്ടികളുമായി ഇടപഴകാനുള്ള സാധ്യത ഒഴിവാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂള്‍ തുറന്ന ശേഷമുള്ള ആദ്യത്തെ രണ്ടാഴ്ച ഗ്രൂപ്പ് ക്ലാസ്സുകളും എക്സ്ട്രാ കരിക്കുലര്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഠന യാത്രകളും പാടില്ല. സാമൂഹ്യ അകലം പാലിക്കുന്നതിനായി ഒരു ക്ലാസ്സിലെ വിദ്യാര്‍ഥികളും അധ്യാപകരും മറ്റു ക്ലാസ്സുകളുമായും അധ്യാപകരുമായും ഇടകലരാതെ ശ്രദ്ധിക്കുന്ന ബബ്ള്‍ സിസ്റ്റം പിന്തുടരാനാണ് നീക്കം.

അസംബ്ലി പോലുള്ള പരിപാടികളും മൊത്തം കുട്ടികള്‍ക്ക് നല്‍കാനുള്ള നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ വഴി നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തെര്‍മന്‍ സ്‌കാനര്‍ പരിശോധനയ്ക്കു ശേഷമേ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാവൂ. സാനിറ്റൈസേഷന്‍ സംവിധാനങ്ങള്‍, ഫ്ളോര്‍ മാര്‍ക്കിംഗ്, അകത്ത് കടക്കാനും പുറത്തു കടക്കാനും പ്രത്യേക വഴികള്‍ തുടങ്ങിയവയും സജ്ജമാക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.