
സ്വന്തം ലേഖകൻ: സ്കൂളുകൾക്ക് പിന്നാലെ രാജ്യത്തെ നഴ്സറികളും തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം തുറക്കേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചു. നഴ്സറികളും സ്കൂളുകളും സർവകലാശാലകളും കഴിഞ്ഞ മാർച്ചിലാണ് അടച്ചത്. രാജ്യമെമ്പാടുമുള്ള നഴ്സറികൾ വീണ്ടും തുറക്കുന്നതിനുള്ള സുരക്ഷാ മാർഗനിർേദശങ്ങളാണ് അതോറിറ്റി പുറപ്പെടുവിച്ചത്.
എല്ലാ സ്ഥാപനങ്ങളിലും കുട്ടികളുടെയും ജീവനക്കാരുടെയും താപനില പരിശോധിക്കണം. രണ്ടാഴ്ച കൂടുമ്പോൾ മുഴുവൻ ജീവനക്കാർക്കും കോവിഡ് പരിശോധന നിർബന്ധമാണ്. കുട്ടികൾക്ക് രോഗലക്ഷണങ്ങൾ ഇല്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. നഴ്സറി തുറക്കുന്നതിന് മുമ്പ് എല്ലാ ജീവനക്കാരും ചൈൽഡ്ഹുഡ് അതോറിറ്റിയുടെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കണമെന്നും അധികൃതർ അറിയിച്ചു.
കുട്ടികൾ 1.5 മീറ്റർ അകലം പാലിക്കണം. പ്രായമനുസരിച്ച് കുട്ടികളെ ചെറിയ ഗ്രൂപ്പുകളാക്കി തിരിച്ച് ഇടകലരാത്ത വിധം നോക്കണം. വീട്ടിൽനിന്നു കൊണ്ടുവന്ന ഭക്ഷണം മാത്രമേ നൽകാവൂ. സ്ഥലപരിമിതി അനുസരിച്ച് കുട്ടികളെ വ്യത്യസ്ത ദിവസങ്ങളിലോ സമയങ്ങളിലോ ആക്കി പുനഃക്രമീകരിക്കാം.
ഇ–ലേണിങ് വിദ്യാർഥികളുടെ അമ്മമാർക്ക് വർക്ക് ഫ്രം ഹോം
യുഎഇയിൽ നാളെ സ്കൂൾ തുറക്കാനിരിക്കെ ഇ–ലേണിങ് തുടരുന്ന കുട്ടികളുടെ അമ്മമാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. അബുദാബിയിലെയും ദുബായിലെയും സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്കാണ് ഈ ആനുകൂല്യം.
വീട്ടിലിരുന്നു പഠിക്കുന്ന കുട്ടികൾക്കു വേണ്ട സഹായം ഉറപ്പാക്കുന്നതിനാണിതെന്ന് അബുദാബി മീഡിയ ഓഫിസ് അറിയിച്ചു. കുട്ടി ഇ–ലേണിങ് തിരഞ്ഞെടുത്തതായി ബന്ധപ്പെട്ട സ്കൂളിൽനിന്നുള്ള കത്ത് ഹാജരാക്കണമെന്ന നിബന്ധനയുണ്ട്.
ഷാർജയിൽ വിദ്യാർഥികളുടെ അമ്മമാർക്ക് ഒരാഴ്ച അവധി
ഒമ്പതാം ക്ലാസിലും അതിൽ താഴെയുമുള്ള ക്ലാസുകളിലും പഠിക്കുന്ന കുട്ടികളുള്ള ഷാർജയിലെ സർക്കാർ കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വനിത ജീവനക്കാർക്ക് ഒരാഴ്ചത്തെ പ്രത്യേക അവധി നൽകാൻ മാനവ വിഭവശേഷി ഡയറക്ടറേറ്റ് തീരുമാനിച്ചു. കിരീടാവകാശിയും ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നിർദേശത്തെത്തുടർന്നാണ് തീരുമാനം. പ്രത്യേക അവധിക്ക് ശേഷം ഈ ഗണത്തിൽപ്പെട്ട അമ്മമാരെ മാർഗനിർദേശങ്ങളും വ്യവസ്ഥകളും പാലിച്ച് വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് ഷാർജ മീഡിയ ഓഫിസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല