1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2022

സ്വന്തം ലേഖകൻ: സുതാര്യമായ റിക്രൂട്ട്മെന്റിലൂടെ വിദഗ്ധ തൊഴിലാളികളെ വാഗ്ദാനം ചെയ്ത് ഒഡെപെക് യുഎഇയിൽ. വിവിധ രാജ്യക്കാരായ 50ലേറെ തൊഴിലുടമകളെ വിളിച്ചുചേർത്ത് അബുദാബിയിൽ നടത്തിയ എംപ്ലോയർ കണക്ടിവിറ്റി യോഗത്തിലാണ് ആവശ്യാനുസരണം മികച്ച തൊഴിലാളികളെ എത്തിക്കുമെന്ന് ഉറപ്പു നൽകിയത്.

ഓരോ തൊഴിലുടമകളുടെയും ആവശ്യം അനുസരിച്ച് ഉദ്യോഗാർഥികളെ കണ്ടെത്തുന്നതു മുതൽ തൊഴിൽ, ഭാഷാ പരിശീലനം നൽകി വിമാനം കയറ്റി അയയ്ക്കുന്നതു വരെയുള്ള ജോലികൾ ഒഡെപക് ഏറ്റെടുക്കും. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ (കെയ്സ്) സഹകരണത്തോടെയാണ് പരിശീലനം. സൗദിയിൽ എംപ്ലോയർ കണക്ടിവിറ്റി പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനം വഴി റിക്രൂട്ട്മെന്റ് തൊഴിലുടമയ്ക്കും ഉദ്യോഗാർഥികൾക്കും ഒരുപോലെ ആശ്വാസം പകരുമെന്ന് ഒഡെപെക് എംഡി കെ.എ. അനൂപ് മനോരമയോടു പറഞ്ഞു. വ്യാജ റിക്രൂട്ടിങ് ഏജൻസികളെ അകറ്റാനും ഇതിലൂടെ സാധിക്കും.

ബന്ധപ്പെട്ട തസ്തികയ്ക്ക് യോഗ്യരായ ഉദ്യോഗാർഥിയെ ലഭിക്കുമെന്ന് തൊഴിലുടമയ്ക്കും വാഗ്ദാനം ചെയ്ത ജോലി തൊഴിലാളിക്കും ഉറപ്പാക്കാം. ഒരു തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിന് 30,000 രൂപയും വാറ്റുമാണ് ഫീസായി നൽകേണ്ടത്. തൊഴിലുടമ നൽകാത്ത പക്ഷം തൊഴിലാളി വഹിക്കേണ്ടിവരും.

ലോകോത്തര യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുന്ന സ്റ്റഡി എബ്രോഡ് പദ്ധതി ഒഡെപെക്കിന്റെ നേതൃത്വത്തിൽ നവംബറിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടത്തും. ലോകത്തെ മികച്ച 50 യൂണിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയത്തിന് വിദ്യാർഥികൾക്ക് അവസരമൊരുക്കും. വിദ്യാഭ്യാസ വായ്പാ സൗകര്യവും ലഭ്യമാക്കും.

പ്രവാസി വിദ്യാർഥികൾക്കായുള്ള സ്റ്റഡി എബ്രോഡ് പദ്ധതി ഏപ്രിലിൽ ജിസിസി രാജ്യങ്ങളിൽ നടത്തും. താൽപര്യമുള്ള വിദ്യാർഥികൾക്ക് ഒഡെപെക് വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.