
സ്വന്തം ലേഖകൻ: യാത്രാ വിലക്ക് നീങ്ങിയതോടെ യുഎഇ – ഒമാൻ അതിർത്തികൾ കടന്ന് സഞ്ചാരികൾ എത്തി തുടങ്ങി. ഒമാനിൽ നിന്ന് എത്തിയ ആദ്യ യാത്രക്കാരെ സമ്മാനങ്ങൾ നൽകിയാണ് യുഎഇ അധികൃതർ എതിരേറ്റത്. കോവിഡിന് ശേഷം ആദ്യമായാണ് യുഎഇ – ഒമാൻ അതിർത്തി പൂർണമായും വിദേശ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്.
ആദ്യമായി കടന്നുവന്ന യാത്രക്കാർക്ക് അബുദാബി പൊലീസ് ഊഷ്മളമായ വരവേൽപാണ് നൽകിയത്. യാത്രക്കാർക്ക് പൂച്ചെണ്ടുകളും സമ്മാനപൊതികളും പൊലീസ് കൈമാറി. അതിർത്തിയിൽ കോവിഡ് പരിശോധനക്കുമായി യുഎഇ അതിർത്തിയിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജി.ഡി.ആർ.എഫ് അധികൃതരും അബുദാബി പൊലീസും അറിയിച്ചു.
ഒമാനിൽ നിന്ന് യുഎഇയിലേക്ക് വരുന്നതിന് 48 മണിക്കൂറിനകത്തെ പി.സി.ആർ നെഗറ്റീവ് ഫലവുമായാണ് അതിർത്തി കടക്കേണ്ടത്. അതിർത്തി കടന്നാൽ യു എ ഇയിൽ പിന്നെയും പി സി ആർ പരിശോധനയുണ്ടാകും. യു എ ഇയിൽ എത്തിയ ശേഷം ഇവർ നാലാം ദിവസവും എട്ടാം ദിവസവും പി സി ആർ ടെസ്റ്റിന് വിധേയരാകേണ്ടി വരുമെന്നാണ് നിലവിലെ നിയമം.
റോഡ് അതിർത്തികൾ തുറന്നതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ വിനോദ സഞ്ചാരവും ചരക്ക് ഗതാഗതവും കൂടുതൽ സജീവമാകുമെന്നാണ് പ്രതീക്ഷ. അതിനിടെ നാല് മാസം നീണ്ട യാത്രാവിലക്ക് അവസാനിച്ചതോടെ ഇന്ത്യയടക്കം രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾ ഒമാനിലേക്ക് തിരികെയെത്തി തുടങ്ങി. ബുധനാഴ്ച ഉച്ച 12 മണിയോടെയാണ് യാത്രാ വിലക്ക് അവസാനിച്ചത്.
കൊച്ചിയിൽനിന്നുള്ള ഒമാൻ എയർ വിമാനമാണ് ആദ്യമെത്തിയത്. കോഴിക്കോട് നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ്, ഹൈദരാബാദ്, കറാച്ചി എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ പിന്നാലെ ലാൻഡ് ചെയ്തു. വിമാനത്താവളത്തിൽ വന്നിറങ്ങുന്നവരെ സ്വീകരിക്കാൻ വരുന്നവർക്കും വാക്സിൻ സ്വീകരിക്കൽ നിർബന്ധമാക്കിയ ആദ്യ ദിവസമായിരുന്നു ബുധനാഴ്ച. അതുകൊണ്ട് കാര്യമായ തിരക്കൊന്നും തന്നെ വിമാനത്താവളത്തിൽ ഉണ്ടായിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല