1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2021

സ്വന്തം ലേഖകൻ: സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ജാഗ്രതയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. കോവിഡ് വകഭേദങ്ങളെ പ്രതിരോധിക്കാൻ യുഎഇയിലെ ആരോഗ്യ മേഖല സുസജ്ജമാണെന്ന് മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു. വ്യാപനം തടയാൻ മുഴുവൻ പേരും വാക്സിനേഷൻ പൂർത്തിയാക്കണം. വാക്സിൻ സ്വീകരിച്ച് നിശ്ചിത കാലവധി പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുക്കണം. രോഗബാധയുണ്ടായാൽ തന്നെ നില വഷളാകുന്നത് പ്രതിരോധിക്കാനും മരണം ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

ആഫ്രിക്കൻ രാജ്യത്ത് നിന്നെത്തിയ വനിതയിലാണ് ആദ്യമായി യുഎഇയില്‍ കോവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയത്. പക്ഷേ ഇവർക്ക് രോഗലക്ഷണങ്ങളില്ലെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ ബാധ കണ്ടെത്തിയ വനിത ഏത് ആഫ്രിക്കൻ രാജ്യത്ത് നിന്നാണ് യുഎഇയിൽ എത്തിയതെന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. മറ്റൊരു അറബ് രാജ്യം സന്ദർശിച്ചാണ് ഇവർ യുഎഇയിൽ എത്തിയത്. കോവിഡ് വകഭേദം കണ്ടെത്തിയ വനിതയെയും അവരുമായി അടുത്ത് ബന്ധം പുലർത്തിയവരെയും ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഇവരിപ്പോൾ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തി നേരത്തേ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയതാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ യുഎഇയില്‍ ഗ്രീൻപാസ് പ്രോട്ടോകോളിൽ മന്ത്രാലയം മാറ്റം പ്രഖ്യാപിച്ചു. നേരത്തെ പിസിആർ നെഗറ്റീവ് ആയാൽ 30 ദിവസം അൽഹൊസൻ ആപ്പിൽ ഗ്രീൻപാസ് ലഭിച്ചിരുന്നു. ഇത് 14 ദിവസമാക്കി ചുരുക്കി. ഈ മാസം 5 മുതലാണ് മാറ്റം നിലവിൽ വരിക. ആപ്പിൽ പച്ച നിറം നിലനിർത്താൻ ഇനി 14 ദിവസം കൂടുമ്പോൾ പിസിആർ പരിശോധനക്ക് വിധേയമാകേണ്ടി വരും.

ഗള്‍ഫില്‍ ആദ്യം ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത് സൗദി അറേബ്യയിലാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിലും അറിയിച്ചു. രാജ്യത്തുള്ളവരോട് വാക്സിനേഷൻ പൂർത്തിയാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ 70 ശതമാനത്തിലേറെ ജനതയും വാക്സിൻ രണ്ട് ഡോസും പൂർത്തീകരിച്ചവരാണ്.

മൂന്നാം ഡോസ് വിതരണം പുരോഗമിക്കുന്നതിനിടെയാണ് ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ഒമിക്രോൺ സാന്നിധ്യമുള്ള 14 ആഫ്രിക്കൻ രാജ്യങ്ങൾക്ക് സൗദി യാത്രാ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒമിക്രോണിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.