
സ്വന്തം ലേഖകൻ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒമിക്രോണ്‍ വൈറസ് യുഎഇയിലും എത്തി. കോവിഡിന്റെ ഈ പുതിയ വകഭേദം ബാധിച്ച ആദ്യ കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു അറബ് രാജ്യം വഴി രാജ്യത്തെത്തിയ ആഫ്രിക്കന്‍ സ്ത്രീയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ വിഭാഗം അറിയിച്ചു.
ആഫ്രിക്കന്‍ സ്ത്രീയെ ഐസൊലേറ്റ് ചെയ്തതായും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ആളുകളെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. രോഗബാധിതയായ സ്ത്രീ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെങ്കിലും അവരെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. യുഎഇയുടെ ആരോഗ്യ പ്രോട്ടോക്കോള്‍ അനുസരിച്ച് പൂര്‍ണമായും വാക്സിന്‍ എടുത്ത ശേഷമാണ് അവര്‍ രാജ്യത്തെത്തിയത്. അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് ഒമിക്രോണ്‍ വകഭേദം ഉള്‍പ്പെടെയുള്ള കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാവരും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ ഉള്‍പ്പെടെ എടുക്കുന്നതില്‍ മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രാലയം ആഹ്വാനം ചെയ്തു. ഒമിക്രോണ്‍ വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ആദ്യ കേസ് മറ്റൊരു അറബ് രാജ്യം വഴിയാണ് രാജ്യത്തെത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല