1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2022

സ്വന്തം ലേഖകൻ: ഭക്ഷണപ്രിയരെ വലയിലാക്കുന്ന പുതിയ ഓൺലൈൻ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ബാങ്കുകളുടെ മുന്നറിയിപ്പ്. പ്രമുഖ റസ്റ്ററന്റുകളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് വമ്പൻ ഓഫർ പ്രഖ്യാപിച്ചാണ് ഏറ്റവും ഒടുവിൽ ജനങ്ങളെ കെണിയിലാക്കുന്നത്.

മലയാളികളടക്കം നൂറുകണക്കിനു പേർക്കു പണം നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദേശം. നേരത്തെ വ്യാജ സമ്മാന വാഗ്ദാനം നൽകിയും അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനെന്ന വ്യാജേനയും പാർസൽ അയച്ചിട്ടുണ്ടെന്ന് അറിയിച്ചുള്ള തട്ടിപ്പുകൾക്കു ശേഷമാണ് പുതിയ രീതിയിൽ സംഘം വിലസുന്നത്.

റസ്റ്ററന്റുകളോടു സാമ്യം തോന്നും വിധം വ്യാജ വെബ്സൈറ്റ് നിർമിച്ച് വിഭവങ്ങൾക്ക് വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഫോട്ടോ സഹിതം ലിങ്ക് പോസ്റ്റ് ചെയ്യും. 50% ഇളവ് കാണുന്നതോടെ ചാടി വീഴുന്നവർ ലിങ്കിൽ ക്ലിക് ചെയ്ത് ഭക്ഷണത്തിന് ഓർഡർ നൽകും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വഴി പണം നൽകുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കി സംഘം പണം തട്ടും. മണിക്കൂറുകൾ കഴിഞ്ഞാലും ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കില്ല. ഇതോടെ റസ്റ്ററന്റിലേക്കു ഫോൺ ചെയ്തു ചോദിക്കുമ്പോഴാകും അത്തരമൊരു ഓർഡർ എടുത്തിട്ടില്ലെന്ന് തിരിച്ചറിയുക.

ഭക്ഷണത്തിന്റെ യഥാർഥ വിലയെക്കാൾ കൂടുതൽ തുക ഈടാക്കുന്നതാണ് ഒരു തട്ടിപ്പ്. ഓർഡർ നൽകി ക്രെഡിറ്റ്/ഡെബിറ്റ് കാർഡു വിവരങ്ങൾ നൽകുന്ന സയമത്തുതന്നെ തട്ടിപ്പുകാർ ഈ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് മറ്റൊരു വമ്പൻ ഇടപാട് നടത്തി ഒ.ടി.പി (വൺടൈം പാസ് വേർഡ്) അയക്കുന്നതാണ് രണ്ടാമത്തേത്. ഭക്ഷണത്തിന്റേതാകുമെന്ന് കരുതി ഒടിപി നൽകുന്നതോടെ വൻ തുക നഷ്ടപ്പെടും. കാർഡ് വിവരങ്ങൾ ഡാർക്ക് വെബിനു വിൽക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. ഇതോടെ അക്കൗണ്ട് കാലിയാകുമെന്ന് മാത്രമല്ല വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടും.

സേർച്ച് എൻജിൻ ഒപ്റ്റിമൈസേഷനിലൂടെ (എസ്.ഇ.യു) വ്യാജ വെബ്സൈറ്റുകൾ ആദ്യം കാണുന്ന വിദ്യ തട്ടിപ്പുകാർ ഒരുക്കും. യഥാർഥ െവബ്സൈറ്റിന്റെ പേരിൽ ഒരക്ഷരം മാറ്റിയോ വേറൊരു അക്ഷരമോ അക്കമോ ചേർത്തോ സമാന ലോഗോ വച്ചുള്ള സൈറ്റ് കാണുമ്പോൾ ഒറിജിനലാണെന്ന് ധരിച്ചാണ് പലരും കെണിയിൽ അകപ്പെട്ടത്. ചെറുകിട, ഇടത്തരം റസ്റ്ററന്റുകളുടെ വെബ്സൈറ്റുകൾക്ക് അധിക സുരക്ഷ ഏർപ്പെടുത്താത്തതും പ്രശ്നം സൃഷ്ടിക്കുന്നതായി സൈബർ വിദഗ്ധർ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.