1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2022

സ്വന്തം ലേഖകൻ: യുഎഇയില്‍ പിസിആര്‍ പരിശോധനാ ഫലം ലഭിക്കാന്‍ വൈകുന്നത് നിരവധി യാത്രക്കാരുടെ യാത്ര മുടക്കുന്നു. ഇതുമൂലം മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ യാത്രയ്ക്ക് വിമാനത്താവളത്തിലെത്തിയ പലര്‍ക്കും മടങ്ങേണ്ടി വന്നു. ടിക്കറ്റ്, പിസിആര്‍ പരിശോധന എന്നിവയ്ക്ക് വന്‍ തുക നഷ്ടമായത് കൂടാതെ, കൂടുതല്‍ തുക നല്‍കി മറ്റ് വിമാനങ്ങളില്‍ ടിക്കറ്റെടുക്കേണ്ടി വരികയും ചെയ്തു.

പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടിയതും ലാബ് ജീവനക്കാരില്‍ പലര്‍ക്കും കോവിഡ് ബാധിച്ചതുമാണ് പരിശോധനാ ഫലം വൈകാന്‍ കാരണമായത്. 8- 12 മണിക്കൂറിനുള്ളില്‍ മുമ്പ് ഫലം ലഭിച്ചിരുന്നു. ഇതിന്‍പ്രകാരം, യാത്രയ്ക്ക് തലേന്ന് പരിശോധിച്ചവര്‍ക്കാണ് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഫലം ലഭിക്കാതിരുന്നത്.

യുഎഇയിലെ പുതിയ നിയമം അനുസരിച്ച്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനുവരി മുതല്‍ നെഗറ്റീവ് ഫലം നിര്‍ബന്ധമാക്കിയതും അവധിക്കുശേഷം എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരിശോധനാഫലം ഹാജരാക്കേണ്ടി വരുന്നതും പരിശോധനയ്ക്ക് എത്തുന്നവരുടെ എണ്ണം കൂട്ടി. പിസിആര്‍ ഫലം ലഭിക്കാന്‍ 3- 4 ദിവസമെങ്കിലും വൈകുമെന്ന് ലാബ് അധികൃതര്‍ അറിയിക്കുന്നുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, യാത്രക്കാര്‍ അല്ലാത്തവര്‍ വിമാനത്താവളത്തില്‍ പരിശോധിക്കാനെത്തിയതും തിരക്ക് കൂടാനിടയായി.

തിങ്കളാഴ്ച വൈകിട്ട് ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് പോകാന്‍ എത്തിയ തൃശൂര്‍ നീണ്ടൂര്‍ സ്വദേശി ആഷിഫ് ഹനീഫ 24 മണിക്കൂറിനിടെ 2 പിസിആര്‍ പരിശോധന എടുത്തെങ്കിലും വിമാനം പുറപ്പെടുന്നതിന് മുമ്പ് ഫലം ലഭിച്ചില്ലെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിമാനം പുറപ്പെടുന്നതിന് 10 മിനിറ്റ് മുമ്പാണ് ആഷിഫിന് ഫലം ലഭിച്ചത്. അപ്പോഴേക്കും കൗണ്ടര്‍ അടച്ചതിനാല്‍ യാത്രാനുമതി ലഭിച്ചില്ല.

അതേസമയം, ഇന്ത്യ ഉള്‍പ്പെടെയുള്ള 12 രാജ്യങ്ങളില്‍ നിന്ന് ദുബായിലേക്ക് എത്തുന്നവര്‍ക്ക് നിബന്ധനകള്‍ പുതുക്കി. 48 മണിക്കൂര്‍ സാധുതയുള്ള നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കേറ്റാണ് ഇനി യാത്രക്കാര്‍ ഹാജരാക്കേണ്ടത്. ദുബായ് വിമാനത്താവളത്തില്‍ എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും ഈ നിബന്ധന ബാധകമാണ്.

ദുബായ് ആസ്ഥാനമായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ലെബനന്‍, പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, സുഡാന്‍, യുകെ, വിയറ്റ്‌നാം, സാംബിയ എന്നീ രാജ്യങ്ങളെയാണ് 48 മണിക്കൂറിനിടെയുള്ള കോവിഡ് പരിശോധനാ ഫലം ആവശ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പരിശോധനാ ഫലത്തില്‍ അവയുടെ ആധികാരികത പരിശോധിക്കാന്‍ സാധിക്കുന്ന ക്യുആര്‍ കോഡ് ഉണ്ടായിരിക്കണം. ദുബായ് വിമാനത്താവളത്തില്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനാ ഫലം പരിശോധിക്കും. ഈ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ യാത്ര പുറപ്പെടുന്ന വിമാനത്താവളത്തില്‍ വെച്ച് ആറ് മണിക്കൂറിനകം മറ്റൊരു പിസിആര്‍ പരിശോധനയ്ക്കും വിധേയമാകണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.