1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2020

സ്വന്തം ലേഖകൻ: ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടെ 8 തലങ്ങൾ കേന്ദ്രീകരിച്ചു യുഎഇയുടെ സമഗ്രവികസന പദ്ധതി. കാലാവസ്ഥാ വെല്ലുവിളികൾ, പ്രാദേശിക വിളകളുടെ ഉൽപാദനം വർധിപ്പിക്കൽ, കന്നുകാലി വളർത്തൽ, മാലിന്യ സംസ്കരണം, രാസവസ്തുക്കളുടെ ശാസ്ത്രീയ നിർമാർജനം, സംശുദ്ധ അന്തരീക്ഷം എന്നിവ കൂടി കണക്കിലെടുത്തുള്ള കർമപരിപാടികൾക്കാണു രൂപം നൽകിയത്.

യുഎഇ വിഷൻ 2021, 2017ൽ തുടക്കമിട്ട ശതവത്സരപദ്ധതി എന്നിവയുെട ഭാഗമായാണിതെന്നു പരിസ്ഥിതി, കാലാവസ്ഥാമാറ്റ മന്ത്രി ഡോ.അബ്ദുല്ല ബെൽഹൈഫ് അൽ നുഐമി വ്യക്തമാക്കി. എല്ലാമേഖലകളിലും യുഎഇയെ ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കാൻ ലക്ഷ്യമിട്ടാണ് ശതവത്സര പദ്ധതി പ്രഖ്യാപിച്ചത്.

കൊവിഡിനു ശേഷമുള്ള വികസനപദ്ധതികൾ ഉൾപ്പെടുന്ന 2021 അജൻഡയ്ക്ക് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി.

കൂടുതൽ നിക്ഷേപകരെ ആകർഷിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ അവസരമൊരുക്കുക, പൊതു-സ്വകാര്യ പങ്കാളിത്തം, ഡിജിറ്റൽ സമ്പദ് ഘടന തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഔഷധ നിർമാണ, ഗവേഷണ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ആരോഗ്യ രംഗത്ത് ഡിജിറ്റൈസേഷൻ നടപ്പാക്കി സേവനം കൂടുതൽ കാര്യക്ഷമമാക്കും. സാമ്പത്തിക മുന്നേറ്റത്തിനു പുറമേ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതികൾക്കു കഴിയുമെന്നാണു പ്രതീക്ഷ.

ശുദ്ധ ഊർജ ഉത്പാദനത്തിനായി കാലാവസ്ഥാവ്യതിയാന നിയന്ത്രണശേഷി ശക്തിപ്പെടുത്തും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുണ്ടാവുന്ന അവസ്ഥകളുമായി പൊരുത്തപ്പെടുന്ന നൂതനപദ്ധതികളും ശൈലികളും വാർത്തെടുക്കും. പ്രാദേശിക ജീവിവർഗങ്ങളെ പരിപാലിക്കുക, പരിസ്ഥിതിവ്യവസ്ഥകളും അവയുടെ സേവനങ്ങളും സംരക്ഷിക്കുകയും ചെയ്യും. ആവാസവ്യവസ്ഥകൾ സംരക്ഷിക്കും. സജീവമായ ജലസ്രോതസ്സുകളുടെ ഉപയോഗം പരിരക്ഷിക്കും.

ഉൾനാടൻ ജലപ്രദേശങ്ങളും ജൈവവൈവിധ്യസമ്പന്നമായ തീരപ്രദേശങ്ങളും സമുദ്രവും സംരക്ഷിക്കും. 2021-ഓടെ ദേശീയ വായു ഗുണനിലവാരസൂചിക 90 ശതമാനമായി ഉയർത്തും. 2040 -ഓടെ ദേശീയ വായു ഗുണനിലവാരസൂചിക 100 ശതമാനത്തിലെത്തിക്കും. ഭക്ഷ്യവ്യാപാരത്തിനുള്ള ആഗോള കേന്ദ്രമായി രാജ്യത്തിന്റെ സാധ്യതകൾ വിപുലീകരിക്കും. യു.എ.ഇ. ഭക്ഷ്യ ഉത്‌പന്നങ്ങളിൽ ഉപഭോക്താക്കളുടെയും കയറ്റുമതി വിപണികളുടെയും വിശ്വാസം വർധിപ്പിക്കും.

നൂതന ആഗോള സാങ്കേതികവിദ്യകളും സംവിധാനങ്ങളും നടപ്പാക്കും. ഭക്ഷ്യസുരക്ഷാ വെല്ലുവിളികളെ തിരിച്ചറിയുകയും ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുകയും ചെയ്യും. രാജ്യവിപണിയിൽ ഉത്പന്നലഭ്യത വർധിപ്പിക്കും. 2040 -ഓടെ ഭക്ഷ്യസുരക്ഷാസൂചിക 100 ശതമാനമായി ഉയർത്തും. മാംസ ഉത്പന്നങ്ങളിലെ അവശിഷ്ടങ്ങളുടെ അളവ് നിരീക്ഷിക്കുകയും ഭക്ഷ്യസുരക്ഷയുറപ്പാക്കുന്ന മാനദണ്ഡങ്ങൾ കർശനമാക്കുകയും ചെയ്യും.

സ്മാർട്ട് പദ്ധതികളിലൂടെ കാർഷിക നിലവാരം ഉയർത്തും. ജലനഷ്ടം കുറയ്ക്കുന്ന സാങ്കേതികരീതി പരീക്ഷിക്കും. കീടനാശിനി അവശിഷ്ടങ്ങളിൽനിന്ന് മണ്ണ് സംരക്ഷിക്കും. ജൈവസംവിധാനങ്ങളുടെ പ്രയോഗം മെച്ചപ്പെടുത്തുകയും ചെയ്യും. 2050-ഓടെ നഗരകൃഷി 60 ശതമാനം വർധിപ്പിക്കും.

2040-ഓടെ രാജ്യത്തെ ഒട്ടകപ്രജനന ഗവേഷണത്തിനുള്ള ആഗോളകേന്ദ്രമായി മാറ്റും. 2040-ഓടെ തിരഞ്ഞെടുത്ത മൃഗ ഉത്‌പന്നങ്ങളിൽ 100 ശതമാനം സ്വയംപര്യാപ്തത കൈവരിക്കും.

ശുദ്ധ ഊർജത്തിനായി സംയോജിത മാലിന്യസംസ്കരണം നടപ്പാക്കുകയും ചെയ്യും. മാലിന്യത്തോത് കുറയ്ക്കുകയും പാരിസ്ഥിതിക അപകടസാധ്യതകൾ ലഘൂകരിക്കുകയും ചെയ്യും. മാലിന്യസംസ്കരണത്തിൽ പുതിയ സാധ്യതകളും കണ്ടെത്തും. രാസവസ്തുക്കളുടെ കൃത്യതയോടെയുള്ള ഉപയോഗം ഉറപ്പാക്കും.

നിയമനിർമാണം ശക്തമാക്കുകയും അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യും. അപകടകരമായ രാസവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കും. പ്രത്യേക ഹരിതവ്യവസായ വിപണിയൊരുക്കും. ഓസോൺ പാളികൾക്ക് വെല്ലുവിളി ഉയർത്തുന്നവ ഒഴിവാക്കും. 2025 ഓടെ രാസവസ്തുക്കളുടെ സുരക്ഷിതമല്ലാത്ത ഉപയോഗങ്ങളിലൂടെയുള്ള അപകടങ്ങൾ പൂർണമായും ഒഴിവാക്കുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.