
സ്വന്തം ലേഖകൻ: അന്തരിച്ച യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ ഭൗതികശരീരം കബറടക്കി. അബുദാബി അൽ ബുത്തീൻ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് പള്ളിയിലായിരുന്നു കബറടക്കം. അബുദാബി ഭരണാധികാരിയും യുഎഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മയ്യിത്ത് നമസ്കരിച്ചു. അൽ നഹ്യാൻ കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം ചേർന്നു.
ഇന്നലെ മഗ്‌രിബിന് ശേഷം രാജ്യത്തുടനീളമുള്ള പള്ളികളിൽ മയ്യിത്ത് നമസ്‌കാരം ഉണ്ടായിരുന്നു. യുഎഇ പ്രസിഡന്റിന് വേണ്ടിയുള്ള പ്രാർഥനകളിൽ പൗരന്മാരും ഇന്ത്യക്കാരടക്കമുള്ള പ്രവാസികളും ഒത്തുകൂടി. ഇന്ത്യയിൽ ഇന്നു ദു:ഖാചരണം പ്രഖ്യാപിച്ചു. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനു വേണ്ടി ക്ഷേത്രത്തിലും ദേവാലയങ്ങളിലും മസ്ജിദിലും പ്രത്യേക പ്രാർഥന നടന്നു.
അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ, മാർത്തോമ്മാ ചർച്ച്, സിഎസ്ഐ, സെന്റ് പോൾസ്, സെന്റ് ജോസഫ് ചർച്ചുകളിൽ പ്രത്യേക പ്രാർഥന നടന്നു. അബുദാബിയിലെ അബൂമുറൈഖയിൽ നിർമാണം പുരോഗമിക്കുന്ന ബാപ്സ് ഹിന്ദു മന്ദിറിൽ പ്രത്യേക പ്രാർഥന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
തിറ്റാണ്ടുകള്‍ നീണ്ട ഭാവനാസമ്പന്നമായ നേതൃത്വത്തിലൂടെ യുഎഇയെ ആധുനികതയിലേക്കും പുരോഗതിയിലേക്കും കൈപിടിച്ചുയര്‍ത്തിയ ഭരണാധികാരിയായിരുന്നു വിടപറഞ്ഞ ശെയ്ഖ് ഖലീഫ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍. യുഎഇയുടെ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്റുമായിരുന്ന തന്റെ പിതാവ് ശെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാത പിന്തുടര്‍ന്ന് കഠിനാധ്വാനത്തിലൂടെയും സമര്‍പ്പണത്തിലൂടെയും രാജ്യത്തിന് പുതിയ ദിശാബോധം നല്‍കാന്‍ അദ്ദേഹത്തിന്റെ ഭരണത്തിലൂടെ സാധിച്ചു.
അത്യന്തം ഉദാരമതിയും ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞ് പരിഹരിക്കാന്‍ എന്നും ശ്രദ്ധചെലുത്തിയ ഭരണാധികാരി കൂടിയാണ് വിട പറഞ്ഞ ശെയ്ഖ് ഖലീഫ. 2004ല്‍ പിതാവിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്തിന്റെ പ്രസിഡന്റായി അധികാരമേറ്റ അദ്ദേഹം, ഭാവനാ സമ്പന്നമായ വികസന പദ്ധതികളിലൂടെ ലോകത്തെ മുന്‍നിര രാജ്യങ്ങളിലൊന്നായി യുഎഇയെ മാറ്റിയെടുത്തു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന അദ്ദേഹം, അബുദാബിയുടെ പതിനാറാമത്തെ ഭരണാധികാരി കൂടിയായിരുന്നു.
2004ല്‍ യുഎഇയുടെ പ്രസിഡന്റായ ശേഷം നവീനമായ പല പദ്ധതികളും അദ്ദേഹം കൊണ്ടുവന്നു. ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ അംഗങ്ങളെ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന രീതി നടപ്പിലാക്കിയതായിരുന്നു ഇതില്‍ പ്രധാനം. പാര്‍ലമെന്റില്‍ വനിതകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം നടപ്പാക്കിയതും അദ്ദേഹത്തിന്റെ കാലത്തായിരുന്നു. ലോകത്തിലെ ഏറ്റവും ധനികരായ ഭരണാധികാരികളില്‍ ഒരാള്‍ കൂടിയാണ് ശെയ്ഖ് ഖലീഫ. അബൂദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ചെയര്‍മാനെന്ന നിലയില്‍ 575 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.
73ാം വയസില്‍ തന്റെ പിതാവ് സ്വപ്നം കണ്ട ആധുനിക യുഎഇയെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ് ശെയ്ഖ് ഖലീഫ വിടവാങ്ങിയത്. എല്ലാവരാലും സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്ത ശെയ്ഖ് ഖലീഫ, പ്രവാസി സമൂഹത്തെ ചേര്‍ത്തുപിടിച്ച ഭരണാധികാരി കൂടിയാണ്. പ്രത്യേകിച്ച മലയാളി സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ ഹൃദയ വായ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ഓഫിസിലും കൊട്ടാരത്തിലും പേഴ്സണല്‍ സ്റ്റാഫിലുമായി നിരവധി മലയാളികള്‍ സേവനം അനുഷ്ഠിച്ചിരുന്നു എന്നത് ഇതിന് തെളിവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല