1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2022

സ്വന്തം ലേഖകൻ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തെ തുടര്‍ന്ന് കുവൈത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ബഹ്‌റൈനിലും ഒമാനിലും മൂന്ന് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കുവൈത്തില്‍ അവധി ആയിരിക്കും.

കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സിവില്‍ സര്‍വീസ് കമ്മിഷന്‍ അറിയിച്ചു. ബഹ്‌റൈനിലും ഒമാനിലും ഇക്കാലയളവില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതിനായി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ ഖലീഫ അറിയിച്ചു. യുഎഇയിലെ ജനങ്ങള്‍ക്ക് വേണ്ടിയും അറബ്, ഇസ്ലാമിക രാജ്യങ്ങള്‍ക്ക് വേണ്ടിയും സേവനം അനുഷ്ഠിച്ച നേതാവായിരുന്നു ഷെയ്ഖ് ഖലീഫയെന്ന് ബഹ്‌റൈന്‍ റോയല്‍ കോര്‍ട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, യുഎഇയില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധി ഉണ്ടാകും. യുഎഇയിലെ പള്ളികളില്‍ ഇന്നലെ രാത്രി ഷെയ്ഖ് ഖലീഫയ്ക്ക് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ഥന നടത്തുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍. പ്രസിഡന്റിന്റെ നിര്യാണത്തില്‍ യുഎഇ, അറബ്, ഇസ്ലാമിക രാജ്യങ്ങളിലെയും ലോകമെമ്പാടുമുള്ള ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.