1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2022

സ്വന്തം ലേഖകൻ: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ 2% സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. നിയമം പാലിക്കാത്തതും തെറ്റായ വിവരങ്ങൾ നൽകുന്നതുമായ സ്ഥാപനങ്ങൾക്ക് 20,000 ദിർഹം (4.42 ലക്ഷം രൂപ) മുതൽ ഒരു ലക്ഷം ദിർഹം (22.1 ലക്ഷം രൂപ വരെ) പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഓർമിപ്പിച്ചു.

വർക്ക് പെർമിറ്റ് നൽകിയ ശേഷവും ലഭിച്ച ജോലിയിൽ പ്രവേശിക്കാത്ത സ്വദേശി ജീവനക്കാരനd 20,000 ദിർഹം (4.42 ലക്ഷം രൂപ) പിഴ ചുമത്തുമെന്നും മന്ത്രാലയവും ഇമാറാത്തി കോംപെറ്റിറ്റീവ്നസ് കൗൺസിലും (നാഫിസ്) വ്യക്തമാക്കി. ഇതേസമയം ഒരു സ്ഥാപനത്തിനു വേണ്ടി പ്രത്യേക പരിശീലനം നൽകി സജ്ജരാക്കിയ തൊഴിലാളിയെ നിയമിക്കാൻ വിസമ്മതിച്ചാൽ പരിശീലനത്തിനു ചെലവായ തുക ആ കമ്പനിയിൽ നിന്ന് ഈടാക്കും.

അമ്പതോ അതിൽ കൂടുതലോ തൊഴിലാളികളുള്ള സ്വകാര്യമേഖലാ കമ്പനികളിലെ വിദഗ്ധ തസ്തികകളിൽ വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണമെന്നാണ് ചട്ടം. 2026ഓടെ സ്വദേശിവൽക്കരണ തോത് 10% ആക്കി ഉയർത്തും. ഇതനുസരിച്ച് വർഷത്തിൽ 12,000 സ്വദേശികൾക്കു ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

2023 ജനുവരി 1 മുതൽ സ്വദേശിവൽക്കരണ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് ആളൊന്നിന് 6000 ദിർഹം എന്ന കണക്കിൽ പിഴ ഈടാക്കി സ്വദേശികൾക്കു നൽകും. ഓരോ കമ്പനികളിലെയും തൊഴിലാളികളുടെ എണ്ണം അനുസരിച്ച് 2% സ്വദേശികളെയാണ് വയ്ക്കേണ്ടത്.

നിശ്ചിത പരിധിയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് വമ്പൻ ആനുകൂല്യവും പ്രഖ്യാപിച്ചു. മൂന്നിരട്ടി സ്വദേശിവൽക്കരണം നടപ്പാക്കുന്ന കമ്പനികളിലെ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റിന് നിലവിലെ 3750 ദിർഹത്തിനു പകരം 250 ദിർഹം ആക്കി കുറച്ചു. രണ്ടിരട്ടി സ്വദേശിവൽക്കരണം നടപ്പാക്കുന്ന കമ്പനി തൊഴിലാളികളുടെ വർക്ക് പെർമിറ്റിന് 1200 ദിർഹം നൽകിയാൽ മതിയാകും. 2% സ്വദേശിവൽക്കരണം പാലിച്ച കമ്പനികളിലെ സ്വദേശി, ജിസിസി പൗരന്മാരെ നിയമിക്കുമ്പോൾ വർക്ക് പെർമിറ്റും പണം വേണ്ട.

സ്വദേശി യുവതി, യുവാക്കളെ സ്വകാര്യമേഖലയിലെ വിവിധ തൊഴിൽ ചെയ്യാൻ പ്രാപ്തമാക്കും വിധം പരിശീലനം നൽകുന്ന സർക്കാർ പദ്ധതിയാണ് നാഫിസ്. 2021 സെപ്റ്റംബറിൽ ആരംഭിച്ച നാഫിസ് തൊഴിലില്ലായ്മ വേതനം, കുട്ടികളുടെ അലവൻസ്, പെൻഷൻ എന്നിവയും കൈകാര്യം ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.