1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2021

സ്വന്തം ലേഖകൻ: യുഎഇയിലെ ഏതെങ്കിലും ആശുപത്രിയെ കുറിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ എളുപ്പ വഴിയൊരുക്കി ആരോഗ്യ മന്ത്രാലയം. ഈ മേഖലയില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ക്കെതിരേ ഇലക്ട്രോണിക് സംവിധാനത്തിലൂടെ എളുപ്പത്തില്‍ പരാതി അറിയിക്കാനുള്ള സംവിധാനമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.

ലൈസന്‍സ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായാണ് ഇവ പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ രംഗത്തെ ഇ-സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി കൂടിയാണ് പുതിയ സേവനം ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

ആശുപത്രിയിലെ ചികില്‍സയുമായി ബന്ധപ്പെട്ട പരാതികള്‍, ഡോക്ടര്‍മാരുടെയോ ജീവനക്കാരുടെയോ മോശം പെരുമാറ്റം, അമിത ചാര്‍ജ് ഈടാക്കല്‍ തുടങ്ങി ഏത് പരാതിയും ഇത് വഴി അധികൃതരെ അറിയിക്കാം. ഇത്തരം പരാതികളില്‍ വേഗത്തില്‍ തന്നെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് പദ്ധതി. തങ്ങള്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടിയെടുത്തുവെന്ന് അറിയാനുള്ള ട്രാക്കിംഗ് സംവിധാനവും പുതിയ ഇ-കംപ്ലെയ്ന്‍റ് സര്‍വീസില്‍ ലഭ്യമാണ്.

പരാതികളില്‍ നിഷ്പക്ഷവും സുതാര്യവും കാര്യക്ഷമവുമായ അന്വേഷണം നടത്തുന്നതിന് വിദഗ്ധ ടീമിന് രൂപം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. പരാതിക്കാരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും ഇതില്‍ സംവിധാനമുണ്ട്.

സ്വകാര്യ ആശുപത്രികള്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലൂടെ രാജ്യത്തിലെ ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് ഇ- കംപ്ലെയിന്‍റ് സിസ്റ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയത്തിലെ ലൈസന്‍സിംഗ് വിഭാഗം തലവന്‍ അബീര്‍ ആദില്‍ അറിയിച്ചു.

രാജ്യത്തിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കും. ലഭിക്കുന്ന പരാതികളില്‍ അന്വേഷണം നടത്തി ആരോപണം തെളിയിക്കപ്പെടുന്ന പക്ഷം കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മറ്റ് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ രാജ്യത്തിലെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് എതിരായ പരാതികള്‍ കുറവാണെന്ന് ആദില്‍ പറഞ്ഞു. മന്ത്രാലയം സ്വീകരിക്കുന്ന ശക്തമായ നടപടികളാണ് ഇതിന് കാരണം. ഇടയ്ക്കിടെ സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ആരോഗ്യ മന്ത്രാലയം പരിശോധനകളും ബോധവല്‍ക്കരണങ്ങളും നടത്തിവരുന്നുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു.

സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരു പോലെ പുതിയ ഇ-കംപ്ലെയിന്‍റ് സേവനം ഉപയോഗപ്പെടുത്താനാവുമെന്ന് പരിശോധനാ വിഭാഗം ഡയരക്ടര്‍ ഡോ. ഹിസ്സ അലി മുബാറക് അറിയിച്ചു. പരാതികള്‍ നല്‍കുന്നവര്‍ അത് തെളിയിക്കുന്ന എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അതും അപ് ലോഡ് ചെയ്യണം. പരാതിയെ കുറിച്ചന്വേഷിക്കാന്‍ ഒരു സ്വതന്ത്ര മെഡിക്കല്‍ കമ്മിറ്റിയെ നിയോഗിക്കും. രണ്ട് വിഭാഗങ്ങളുടെയും ഭാഗം കേട്ട ശേഷം ആവശ്യമായ അന്വേഷണം നടത്തിയാവും പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കുക.

അന്വേഷണം പൂര്‍ത്തിയായാല്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രാലയത്തിനു കീഴിലെ മെഡിക്കല്‍ ലൈസന്‍സിംഗ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കും. കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അവര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരേ പിഴയും തടവും ലൈസന്‍സ് റദ്ദ് ചെയ്യുന്നതും അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കമ്മിറ്റിയുടെ തീരുമാനത്തില്‍ പരാതികളുണ്ടെങ്കില്‍ 30 ദിവസത്തിനകം അപ്പീല്‍ നല്‍കാനും അവസരമുണ്ടായിരിക്കും. ഹയര്‍ മെഡിക്കല്‍ ലയബിലിറ്റി കമ്മിറ്റിയാണ് അപ്പീലുകള്‍ പരിഗണിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.