
സ്വന്തം ലേഖകൻ: കോവിഡ് ബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവർ പരിശോധന നടത്തണമെന്നും പോസിറ്റീവ് ആണെങ്കിൽ ക്വാറന്റീനിൽ കഴിയണമെന്നും അധികൃതർ നിർദേശിച്ചു. വാക്സീൻ എടുക്കാത്തവർക്ക് 10 ദിവസവും 2 ഡോസ് സ്വീകരിച്ചവർക്ക് 7 ദിവസവുമാണ് ക്വാറന്റീൻ.
വാക്സീൻ എടുക്കാത്തവർ 9ാം ദിവസവും സ്വീകരിച്ചവർ 6ാം ദിവസവും പിസിആർ പരിശോധന നടത്തണമെന്ന് അബുദാബി ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. പോസിറ്റീവ് ആണെങ്കിൽ വാഹനത്തിൽ ഇരുന്നുള്ള മറ്റൊരു പരിശോധനയ്ക്കു കൂടി വിധേയരാകാം. ഇതിലും പോസിറ്റീവ് ആണെങ്കിൽ ഉടൻ അംഗീകൃത ക്വാറന്റീൻ സെന്ററുകളിലേക്കു മാറണം.
അൽ മഫ്റഖ് ആശുപത്രി, മുഷ്റിഫ് കോവിഡ് സെന്റർ, അൽ ഖുബൈസിലെ കോൺഫറൻസ്, ദഫ്റ മദീന സായിദ് സെന്റർ എന്നിവയ്ക്കു പുറമെ ദഫ്റയിലെ മറ്റ് ആശുപത്രികളിലും കോവിഡ് പരിചരണ സൗകര്യമുണ്ട്. 24 മണിക്കൂറിനിടെ 2 നെഗറ്റീവ് ഫലം, 10 ദിവസം ക്വാറന്റീൻ (അവസാന 3 ദിവസം രോഗലക്ഷണമില്ലെങ്കിൽ ) എന്നിവയാണ് ക്വാറന്റീൻ അവസാനിപ്പിക്കാനുള്ള വ്യവസ്ഥകൾ.
സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലെ രോഗബാധിതരായ തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കാനും പരിചരണ സൗകര്യങ്ങൾക്കും വിളിക്കേണ്ട നമ്പർ: 909. വിവരം ലഭിച്ചാലുടൻ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റും. ശ്വാസതടസ്സമോ മറ്റ് ഗുരുതര പ്രശ്നങ്ങളോ ഉണ്ടായാൽ വിളിക്കാൻ: 999.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല