1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2022

സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി മുംബൈ. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ നിന്നാണ് യുഎഇയില്‍ നിന്നെത്തുന്നവരെ ഒഴിവാക്കിയത്. പുതിയ നിബന്ധന തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

ദുബായ് ഉള്‍പ്പെടെയുള്ള യുഎഇ നഗരങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്‍റൈനോ ആര്‍ടി പിസിആര്‍ പരിശോധനയോ ആവശ്യമില്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ യാത്രക്കാര്‍ക്ക് ബാധകമായിരിക്കും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച്, കഴിഞ്ഞയാഴ്ച മുതലാണ് കേരളത്തിലും ഏഴ് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്.

പ്രവാസികളുടെ ഭാഗത്ത് നിന്ന് ഈ നിബന്ധന പിന്‍വലിക്കണമെന്ന ആവശ്യം വ്യാപകമാണെങ്കിലും അതില്‍ മാറ്റം വന്നിട്ടില്ല. ക്വാറന്റൈന്‍ വിഷയത്തില്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്ന് കഴിഞ്ഞ വര്‍ഷം ഇറക്കിയ സര്‍ക്കുലറില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പുതിയ സര്‍ക്കുലറില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല.

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂവായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് പുതുതായി 3067 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 1055 പേര്‍ രോഗമുക്തി നേടി. മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികള്‍ 805,248 ആയി ഉയര്‍ന്നു. 760,268 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്. 2191 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. നിലവില്‍ 42,789 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.