1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2022

സ്വന്തം ലേഖകൻ: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ യുഎഇയില്‍ പെയ്തത് ഒന്നര വര്‍ഷത്തെ മഴ. ഇപ്രാവശ്യം 141.8 മില്ലിമീറ്റര്‍ മഴയാണ് മൂന്ന് ദിവസം കൊണ്ട് ലഭിച്ചത്. വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ മഴയുടെ അളവ് ഇനിയും കൂടും. സാധാരണ വര്‍ഷത്തില്‍ ശരാശരി 100 മിമീ മഴയാണ് ലഭിക്കുന്നത്. ദുബായിലെ സെയ്ഹ് അല്‍ സലാം, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളര്‍ പാര്‍ക്ക്, ബാബ് അല്‍ ഷംസ് ഡെസേര്‍ട് എന്നിവിടങ്ങളിലാണ് ഏറ്റവും അധികം മഴ (141.8 മിമീ) രേഖപ്പെടുത്തിയത്.

അല്‍ഐനിലെ സ്വീഹാനില്‍ 70 മിമീ, ഷുവൈബില്‍ 68 മിമീ, ലഹ്ബാബില്‍ 66.1 മിമീ, റാസല്‍ഖൈമയിലെ ഷൗകയില്‍ 64.4 മിമീ എന്നിങ്ങനെ മഴ പെയ്തു. തിങ്കളാഴ്ച അബുദാബി, ദുബായ്, റാസല്‍ഖൈമ എന്നീ എമിറേറ്റുകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ബുധനാഴ്ച വരെ രാജ്യത്ത് മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും യുഎഇയുടെ ഭൂരിഭാഗം പ്രദേശങ്ങളും മേഘങ്ങളാല്‍ മൂടപ്പെട്ടതായിരിക്കും.

വടക്കുകിഴക്കന്‍ മേഖലകളിലായിരിക്കും കൂടുതല്‍ മഴ ലഭിക്കുക. തെക്കുപടിഞ്ഞിറു നിന്നുള്ള ന്യൂനമര്‍ദവും ചെങ്കടലിനു മുകളിലൂടെയുള്ള മേഘങ്ങള്‍ യുഎഇയിലേക്ക് നീങ്ങുന്നതുമാണ് മഴയ്ക്ക് സാധ്യത കൂട്ടുന്നത്. രാജ്യത്ത് മിന്നോടുകൂടി മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ ആലിപ്പഴം വീണേക്കാം. താപനില കുറയാനും സാധ്യതയുണ്ട്.

കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യത ഉള്ളതിനാല്‍ കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ടിന് സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്നും സൂചിപ്പിച്ചു. ഈ മാസം വടക്കുപടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതോടൈ പൊടിപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും അലര്‍ജിയുള്ളവരും പ്രായമായവരും കുട്ടികളും പുറത്തിറങ്ങുമ്പോള്‍ മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും മുന്നറിയിപ്പുണ്ട്.

യുഎഇയില്‍ ഞായറാഴ്ച ചിലയിടങ്ങളില്‍ നേരിയ മഴ പെയ്തു. ഷാര്‍ജയില്‍ കനത്ത മഴയെ തുടര്‍ന്ന് താത്കാലികമായി അടച്ച റോഡുകള്‍ തുറന്നു. കല്‍ബ, ഫുജൈറ എന്നീ ഭാഗങ്ങളിലേക്ക് പോകുന്ന മലീഹ റോഡിന്റെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതമാണ് പുനഃസ്ഥാപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.