
സ്വന്തം ലേഖകൻ: വിദൂര സേവന സംവിധാനം ഒരുക്കി യുഎഇയിലെ ആരോഗ്യ സ്ഥാപനങ്ങളും സ്മാർട്ടാകണമെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. പുതിയ ചട്ടം അനുസരിച്ച് ആരോഗ്യസേവന ദാതാക്കൾ വർഷാവസാനത്തോടെ ഒരു വിദൂര സേവനമെങ്കിലും നിർബന്ധമായും ചെയ്യണം.
ടെലി കൺസൾട്ടിങ്, ടെലി മെഡിസിൻ, നിരന്തര നിരീക്ഷണം, റോബട്ടിക് സർജറി തുടങ്ങിയവയിൽ ഏതെങ്കിലും ഒരെണ്ണം വിദൂര സേവത്തിൽ ഉൾപ്പെടുത്തണമെന്ന് ഡിജിറ്റൽ ഹെൽത്ത് ഡിപ്പാർട്‌മെന്റ് സ്ട്രാറ്റജി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് വിഭാഗം മേധാവി ഷെയ്ഖാ ഹസൻ അൽ മൻസൂരി പറഞ്ഞു. സ്മാർട്ട് ഡിജിറ്റൽ ഹെൽത്ത് ചട്ടമനുസരിച്ച് സർക്കാർ, സ്വകാര്യ മേഖലാ ആരോഗ്യ സ്ഥാപനങ്ങൾക്കെല്ലാം നിയമം ബാധകമാണ്.
കോവിഡ് കാലത്ത് ടെലി കൺസൾട്ടിങ്, ടെലി മെഡിസിൻ സേവനം വിജയകരമായി നടപ്പാക്കിയ യുഎഇയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് റിമോട്ട് സർവീസ് സുപരിചിതമാണ്. ചില ആശുപത്രികൾ അത്യാവശ്യക്കാർക്ക് ഈ സേവനം ഇപ്പോഴും നൽകിവരുന്നു. ഡോക്ടറെ കാണാനും മരുന്നു വാങ്ങാനും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥ ഇതുമൂലം ഒഴിവാകും.
മുൻകൂട്ടി ബുക്ക് ചെയ്ത സമയത്ത് ഡോക്ടർ ഫോണിലോ വിഡിയോ കോളിലോ രോഗിയുമായി ആശയവിനിമയം നടത്തി രോഗവിവരം ചോദിച്ചറിഞ്ഞ് മരുന്ന് നിർദേശിക്കുന്ന സംവിധാനമാണ് ടെലി കൺസൾട്ടിങ്. ഇങ്ങനെ നിർദേശിക്കുന്ന മരുന്ന് വീട്ടിലെത്തിക്കും.
രോഗിയുടെ തുടർ വിവരങ്ങൾ അന്വേഷിക്കുന്നതും ഡിജിറ്റലായി തന്നെയാണ്. കൺസൾട്ടിങിനും മരുന്നിനുമുള്ള പണം ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി നൽകുകയും ചെയ്യുന്നു. അടിയന്തര ഘട്ടത്തിലോ ടെസ്റ്റ് ചെയ്യാനോ മാത്രം രോഗി ആശുപത്രിയിൽ എത്തിയാൽ മതിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല