1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 14, 2022

സ്വന്തം ലേഖകൻ: യുഎഇയില്‍ ഇനി സ്‌പോണ്‍സറില്ലാതെ തന്നെ വിദേശികള്‍ക്ക് താമസ വിസയ്ക്ക് അപേക്ഷ നല്‍കാന്‍. കഴിഞ്ഞ മാസം പ്രഖ്യാപിച്ച പുതിയ വിസ രീതികള്‍ ഈ വര്‍ഷം സപ്തംബറില്‍ നടപ്പില്‍ വരുന്നതോടെയാണിത്. നിലവില്‍ ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് എത്തിയവര്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ ആണ് താമസ വിസ നല്‍കുന്നത്. എന്നാല്‍ പുതിയ വില സമ്പ്രദായം നിലവില്‍ വരുന്നതോടെ സ്വന്തം നിലയ്ക്ക് റെസിഡന്‍സ് വിസയ്ക്ക് അപേക്ഷ നല്‍കാന്‍ വിദേശികള്‍ക്ക് സാധിക്കും.

നിക്ഷേപകര്‍, വിദഗ്ധ തൊഴിലാളികള്‍, സ്വയം തൊഴിലുകളില്‍ ഏര്‍പ്പെട്ട വ്യക്തികള്‍ തുടങ്ങിയവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമാണ് സ്വന്തമായി സ്‌പോണ്‍സറാവാന്‍ സാധിക്കുന്ന ഗ്രീന്‍ റെസിഡന്‍സ് പെര്‍മിറ്റ് അധികൃതര്‍ നല്‍കുക. ഇതില്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് ഗ്രീന്‍ റെസിഡന്‍സ് പെര്‍മിറ്റ് ലഭിക്കുക.

ഇവര്‍ക്ക് സ്‌പോണ്‍സറോ തൊഴിലുടമയോ ഇല്ലാതെ തന്നെ താമസ വിസയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. മനുഷ്യ വിഭവ, എമിററ്റൈസേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഫ്രീലാന്‍സ്/ സെല്‍ഫ് എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ലഭിച്ചവര്‍ക്കാണ് ഇതിന് അര്‍ഹതയുണ്ടായിരിക്കുക. ഡിഗ്രിയോ സ്‌പെഷ്യലൈസ്ഡ് ഡിപ്ലോമയോ ഉള്ളവരായിരിക്കണം.

ഏതെങ്കിലും മേഖലകളില്‍ പ്രത്യേക തൊഴില്‍ നൈപുണ്യ തൊഴിലാളികള്‍ക്കും ഗ്രീന്‍ റെസിഡന്‍സ് പെര്‍മിറ്റിന് അര്‍ഹതയുണ്ടായിരിക്കും. സാധുവായ തൊഴില്‍ കരാര്‍ ഉള്ളവരായിരിക്കണം എന്ന നിബന്ധനയുണ്ട്. ഡിഗ്രിയോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. മന്ത്രാലയത്തിന്റെ തൊഴില്‍ പട്ടികയില്‍ ആദ്യ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കു മാത്രമായിരിക്കും ഇതിന് അര്‍ഹത. 15,000 ദിര്‍ഹം ശമ്പളവും ഉണ്ടായിരിക്കണം.

അഞ്ച് വര്‍ഷത്തേക്കുള്ള ഗ്രീന്‍ റെസിഡന്‍സ് വിസ ലഭിക്കാന്‍ അര്‍ഹതയുള്ള മറ്റു വിഭാഗങ്ങളാണ് നിക്ഷേപകരും പാര്‍ട്ണര്‍മാരും. ഇവര്‍ക്കും വിസ ലഭിക്കാന്‍ സ്‌പോണ്‍സറുടെ ആവശ്യമില്ല. ഔദ്യോഗിക അംഗീകാരമുള്ളവരായിരിക്കണം ഇവര്‍. ഇവര്‍ക്കും സ്വന്തം നിലയ്ക്ക് താമസ വിസയ്ക്ക് അപേക്ഷ നല്‍കുന്നതിന് തടസ്സമില്ല.

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്ന് പഠിക്കുന്ന വിദേശികള്‍ക്കും ഗ്രീന്‍ റെസിഡന്‍സ് വിസയ്ക്ക് അര്‍ഹതയുണ്ടായിരിക്കും. ഇവര്‍ക്ക് രണ്ടു വര്‍ഷത്തെ താമസ വിസയായിരിക്കും ലഭിക്കുക. പഠിക്കുന്ന സ്ഥാപനം തന്നെയായിരിക്കും ഇവരുടെ സ്‌പോണ്‍സര്‍. ഈ വിസകളെല്ലാം അത്രയും കാലത്തേക്ക് വീണ്ടും പുതുക്കാനുള്ള അവസരമുണ്ടായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇവരുടെ വിസാ കാലാവധിക്ക് അനുസൃതമായി കുടുംബാംഗങ്ങള്‍ക്കും താമസ വിസ ലഭ്യമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.