
സ്വന്തം ലേഖകൻ: യുഎഇയിൽ ജോലിയിൽ നിന്ന് വിരമിക്കുന്ന പ്രവാസികൾക്ക് രാജ്യത്ത് തുടരാൻ പുതിയ വിസ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവറില്ലാ വാഹനങ്ങൾ യുഎഇ റോഡുകളിൽ പരീക്ഷിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി.
പ്രായപരിധി പിന്നിട്ട് ജോലിയിൽ നിന്ന് വിരമിക്കുന്നവർക്ക് നേരത്തേ യുഎഇയിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങണമായിരുന്നു. ഇവർക്ക് മറ്റൊരു തൊഴിൽവിസയിലേക്ക് മാറാനും അനുമതി പ്രയാസമായിരുന്നു. എന്നാൽ, ജോലിയിൽ നിന്ന് വിരമിച്ചവർക്ക് യുഎഇയിൽ തുടരാൻ അവസരമൊരുക്കുന്നതാണ് പുതിയ വിസ പദ്ധതിയെന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
പക്ഷെ, വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങളും യോഗ്യതയും പ്രഖ്യാപിച്ചിട്ടില്ല. ഈ വിശദാംശങ്ങൾ അടുത്തദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം ലോകമെമ്പാടുമുള്ള 55 വയസ് പിന്നിട്ടവർക്ക് ദുബൈയിൽ താമസിക്കാൻ അവസരം നൽകുന്ന ‘റിട്ടയർ ഇൻ ദുബൈ’ എന്ന പേരിൽ വിസ പ്രഖ്യാപിച്ചിരുന്നു.
ഇത് ലഭിക്കാൻ മാസം 20,000 ദിർഹം വരുമാനമോ, ദശലക്ഷം ദിർഹം നിക്ഷേപമോ, ദുബൈയിൽ രണ്ട് ദശലക്ഷത്തിന്റെ ഭൂസ്വത്തോ നിർബന്ധമായിരുന്നു. ഇത്തരം മാനദണ്ഡങ്ങൾ പുതിയ വിസക്കുണ്ടോ എന്നതും വ്യക്തമല്ല.
ഡ്രൈവറില്ലാ വാഹനങ്ങൾ യുഎഇ റോഡുകളിൽ പരീക്ഷിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി. ഇതോടെ റോഡിൽ ഡ്രൈവറില്ലാ വാഹനം പരീക്ഷിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാകും യുഎഇ. ദുബൈ എക്സ്പോയിലെ യുഎഇ പവലിയനിലാണ് ഇന്ന് മന്ത്രിസഭാ യോഗം ചേർന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല