
സ്വന്തം ലേഖകൻ: 72 മണിക്കൂറിനകം യുഎഇയിലേക്കു തിരിച്ചുവരുന്ന വിമാന യാത്രക്കാർക്ക് പ്രത്യേക പിസിആർ ടെസ്റ്റ് എടുക്കേണ്ടതില്ലെന്ന് ഇത്തിഹാദ് എയർവേയ്സ്. ഹ്രസ്വകാല യാത്ര ചെയ്യുന്നവർക്കു നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. അബുദാബിയിൽനിന്ന് പുറപ്പെടുമ്പോൾ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നു മാത്രം. ജീവനക്കാരെല്ലാം വാക്സീൻ എടുത്ത ആദ്യ എയർലൈനാണ് ഇത്തിഹാദ്.
അതിനിടെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ഓഗസ്റ്റ് ഏഴു വരെ ഉണ്ടായിരിക്കില്ലെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ ഉന്നയിച്ച അന്വേഷണങ്ങള്‍ക്കു നല്‍കിയ മറുപടിയിലാണ് എമിറേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്.
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസ് ഓഗസ്ത് രണ്ടു വരെ നിര്‍ത്തിവച്ചതായി ഇത്തിഹാദ് എയര്‍വെയ്സ് അറിയിച്ചതിനു പിന്നാലെയാണ് എമിറേറ്റ്‌സും സര്‍വീസ് നീട്ടിയിരിക്കുന്നത്. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് എമിറേറ്റ്‌സ് വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെ യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സര്‍വീസ് ഉണ്ടാകില്ലെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. അതത് രാജ്യങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ യുഎഇ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിച്ചു മാത്രമേ യാത്രാ വിലക്ക് നീക്കുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല