1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2022

സ്വന്തം ലേഖകൻ: മരിച്ചുപോയ ജീവനക്കാര്‍ക്കും ശമ്പളം കൊടുക്കുന്ന സ്ഥാപനമുണ്ട് ഉമ്മല്‍ ഖുവൈനില്‍. സാദ് പ്രീ കാസ്റ്റ് എന്നപേരില്‍ രണ്ട് മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നിന്നാണ് മരിച്ചുപോയ ജീവനക്കാരുടെ വീടുകളിലേക്ക് വര്‍ഷങ്ങളായി മുടങ്ങാതെ ശമ്പളമെത്തിക്കുന്നത്. ഗള്‍ഫില്‍ കമ്പനികള്‍ പൊതുവെ പ്രവാസികളെ ചൂഷണം ചെയ്യുന്നു എന്ന ആരോപണങ്ങള്‍ക്കിടയിലാണ് ഇങ്ങനെയൊരു നന്മയുടെ കഥ.

പ്രവാസി വ്യവസായിയായ സിറാജ് മൊയ്തീന്റെ ഹൃദയത്തില്‍ മാത്രമല്ല, സാദ് പ്രീ കാസ്റ്റ് എന്ന സ്ഥാപനത്തിന്റെ കണക്കുപുസ്തകത്തിലും മരിച്ചുപോയ ജീവനക്കാരെല്ലാം ജീവനോടെ തന്നെയുണ്ട് . മരിച്ചുപോയ തങ്ങളുടെ ജീവനക്കാരുടെ പേര് ശമ്പളപുസ്തകത്തില്‍ നിന്ന് വെട്ടിമാറ്റിയിട്ടില്ല സിറാജ് മൊയ്തീനും ആല്‍വിന്‍ കുര്യാക്കോസും. മരിച്ചുപോയ ജീവനക്കാരുടെ മക്കള്‍ ജോലി നേടി കുടുംബത്തിന് ആശ്രയമാകുന്ന കാലം വരെയും അവരുടെ ശമ്പളമെത്തിക്കുമെന്നാണ് രണ്ടുപേരും പറയുന്നത്.

കമ്പനിക്കുവേണ്ടി ജീവിതം മാറ്റിവെച്ച പല ജീവനക്കാര്‍ക്കും കൃത്യമായി ശമ്പളം പോലും നല്‍കാത്ത മുതലാളിമാരുള്ള ഗള്‍ഫില്‍ നിന്നുതന്നെയാണ് ഇങ്ങനെ രണ്ടു മുതലാളിമാര്‍ പച്ച മനുഷ്യന്മാരായി മാറുന്നത്. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പലതും വെട്ടിച്ചുരുക്കിയും പിടിച്ചുവെച്ചും പല സ്ഥാപനങ്ങളും ലാഭത്തിന്റെ കണക്കുയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ സിറാജ് മൊയ്തീനും ആല്‍വിന്‍ കുര്യാക്കോസും തങ്ങളുടെ ജീവനക്കാരുടെ കുടുംബത്തിന്റെ ബഡ്ജറ്റ് താളം തെറ്റാതിരിക്കാന്‍ വേണ്ടതെല്ലാം ചെയ്യുകയാണ്.

അഞ്ഞൂറിലധികം ജീവനക്കാരുണ്ട് സാദ് പ്രീ കാസ്റ്റില്‍. കോവിഡ് പ്രതിസന്ധി പറഞ്ഞ് ഇവരില്‍ ആരുടെയും ശമ്പളം കമ്പനി വെട്ടിക്കുറച്ചിട്ടില്ല. കോവിഡ് പടര്‍ന്നുപിടിച്ചേക്കുമെന്ന് മുന്‍കൂട്ടി കണ്ട് മികച്ച ഇന്‍ഷുറന്‍സും താമസസൗകര്യവും ഒരുക്കുകയും ചെയ്തു.

നന്മ ചെയ്യുന്നവര്‍ക്ക് എല്ലാവിധ ഐശ്വര്യങ്ങളും ലഭിക്കുമെന്ന പ്രകൃതി നിയമം ശരിവെച്ചുകൊണ്ട് സിറാജിന്റെയും ആല്‍വിന്റെയും സ്ഥാപനം ഇന്ന് ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. അബുദാബി, ഷാര്‍ജാ, അജ്മാന്‍, ഉമ്മല്‍ ഖുവൈന്‍ തുടങ്ങിയ എമിറാട്ടുകളിലെ രാജകുടുംബാംഗങ്ങളുടെ ആഡംബര വീടുകളും മജ്‌ലിസുകളും നിര്‍മിക്കുന്നത് സാദ് പ്രീ കാസ്റ്റാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.