1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2021

സ്വന്തം ലേഖകൻ: നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇയിലെ സ്കൂളുകൾ തുറന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ വിദ്യാർഥികൾ സ്കൂളിൽ നേരിട്ട് പഠിക്കാൻ എത്തിയതായി വിവിധ സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂളിലെത്തി കൂട്ടുകാരികളെ കണ്ട ആവേശമായിരുന്നു വിദ്യാർഥികൾക്ക്. മാസ്കിട്ടും അകലം പാലിച്ചുമാണ് ഇരുന്നതെങ്കിലും സഹപാഠികളെ നേരിൽ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം കുട്ടികൾ മറച്ചുവച്ചില്ല.

സാനിറ്റൈസറിൽ കൈകൾ ശുചിയാക്കി തെർമൽ സ്കാനർ പരിശോധന കഴിഞ്ഞ് അകലം പാലിച്ച് ഓരോ കുട്ടികളെയും ക്ലാസിലേക്ക് ആനയിക്കുകയായിരുന്നു. നിശ്ചിത ഇരിപ്പിടത്തിൽനിന്ന് മാറരുതെന്നും പഠനോപകരണങ്ങളും ഭക്ഷണ, പാനീയങ്ങളും കൈമാറരുതെന്നും നിർദേശിച്ചിരുന്നു.
അബുദാബി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ സ്കൂളുകളാണ് ഇന്നു മുതൽ പ്രവർത്തനമാരംഭിച്ചത്. ദുബായ് എമിറേറ്റിലെ സ്കൂളുകൾ മാത്രം കഴിഞ്ഞ ആഴ്ച തുറന്നിരുന്നു. ഒരു വർഷത്തോളം വീട്ടിലിരുന്ന് മടുത്ത വിദ്യാർഥികളിൽ പലരും സ്കൂളിൽ നേരിട്ടെത്താൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും കോവിഡ് ഭീതിയിൽ രക്ഷിതാക്കൾ ഇ–ലേണിങ് തന്നെ തിരഞ്ഞെടുക്കുകയായിരുന്നു.

ഷാർജയിൽ കഴിഞ്ഞ വർഷം മുഴുവനും ഇ–ലേണിങായിരുന്നു. ഇത്തവണ വിവിധ ഗ്രേഡുകളിലെ കുട്ടികളെ ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിൽ എത്തിക്കുകയായിരുന്നു. കെജി ക്ലാസിലെയും ബോർഡ് പരീക്ഷയ്ക്കു തയാറെടുക്കുന്ന 9, 10, 11, 12 ക്ലാസുകളിലെ കുട്ടികളുമാണ് കൂടുതലായി എഫ്ടിഎഫിനു എത്തിയത്.

12 വയസ്സിനുമുകളിലുള്ള വിദ്യാർഥികൾക്ക് 2 ആഴ്ചയിൽ ഒരിക്കൽ പിസിആർ ടെസ്റ്റ് നിർബന്ധമാണ്. ചില സ്കൂളുകളിൽ ഇന്നലെ പിസിആർ ടെസ്റ്റ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. അധ്യാപകരിൽ 95% പേരും 16 വയസ്സിനു മുകളിലുള്ള വിദ്യാർഥികളിൽ ഭൂരിഭാഗംപേരും കോവിഡ് വാക്സീൻ എടുത്തവരാണ്.

ഇന്ത്യ, പാക്കിസ്ഥാൻ സിലബസ് പിന്തുടരുന്ന സ്കുളുകൾ പുതിയ അധ്യയന വർഷത്തിലേക്കു കടന്നപ്പോൾ പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ മുന്നാംപാദ പഠനം തുടങ്ങുകയായിരുന്നു. കോവിഡിനെ തുടർന്ന് 2020 മാർച്ചിൽ സ്കൂൾ അടച്ചെങ്കിലും പിന്നീട് ഇ–ലേണിങിലൂടെ പഠനം തുടർന്നിരുന്നു. ഓഗസ്റ്റ് മുതൽ ചില സ്കൂളിൽ നേരിട്ടെത്തി പഠിക്കാൻ അവസരം നൽയിയെങ്കിലും കോവിഡ് ഭീതിയിൽ 5% താഴെ കുട്ടികൾ മാത്രമാണ് സ്കൂളിൽ എത്തിയിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.