1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2020

സ്വന്തം ലേഖകൻ: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് യുഎഇയിൽ വിദ്യാലയങ്ങൾ തുറന്നു. രാജ്യത്തെ 10 ലക്ഷത്തോളം വിദ്യാർഥികൾ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ക്ലാസുകളിൽ എത്തുക. ശരീരോഷ്മാവ് പരിശോധിച്ചാണ് വിദ്യാർഥികളെ സ്കൂളുകളിലേയ്ക്ക് വരവേറ്റത്. ദുബായ് അൽ ഖായിൽ ജെംസ് മില്ലെനിയം സ്കൂളിലടക്കം ചില വിദ്യാലയങ്ങളിൽ സംഗീതത്തിൻ്റെ അകമ്പടിയുമുണ്ടായിരുന്നു.

ക്ലാസുകളിൽ നിശ്ചിത അകലത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചു. വിദ്യാഭ്യാസ മന്ത്രാലയം, എജ്യുക്കേഷൻ ആൻഡ് നോളജ് വിഭാഗം, നോളജ് ആന്‍ഡ് ഹ്യൂമൻ ഡവലപ്മെൻ്റ് അതോറിറ്റി (കെഎച്ച് ഡിഎ) എന്നിവ സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ‌ നിർദേശിച്ചിരുന്നു. കൂടാതെ, സ്കൂളിലേക്കു വരാൻ താൽപര്യം പ്രകടിപ്പിച്ച വിദ്യാർഥികൾക്കും അധ്യാപകർക്കും വിവിധ സ്കൂളുകളിൽ ഇന്നലെ ഒാൺലൈൻ ബോധവത്കരണ ക്ലാസും നടത്തി. ഗ്രേഡ് 6 മുതൽ 12 വരെയുള്ള വിദ്യാർഥികൾക്ക് 4 ആഴ്ച കൂടി ഇ–ലേണിങ് തുടരാനാണ് വിദ്യാഭ്യാസ വിജ്ഞാന വകുപ്പി (അഡെക്) ന്റെ നിർദേശം.

ഷാർജയിൽ രണ്ടാഴ്ച കൂടി ഇ–ലേണിങ് തുടരാനാണ് സർക്കാർ നിർദേശം. എന്നാൽ, അധ്യാപകരെല്ലാം കൊവിഡ് പരിശോധന പൂർത്തിയാക്കി സ്കൂളുകളിൽ എത്തുന്നുണ്ട്. ദുബായ്, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിൽ കെജി1 മുതൽ 12–ാം ക്ലാസ് വരെയുള്ള കുട്ടികൾ നേരിട്ടെത്തി പഠിക്കാനുള്ള അനുവാദവും നൽകി. മാർഗനിർദേശങ്ങൾ കർക്കശമായി പാലിക്കുന്നുണ്ടോ എന്നും എല്ലാവരും സുരക്ഷിതരായി വീടുകളിൽ തിരിച്ചെത്തിയോ എന്നും ഉറപ്പാക്കുന്നുണ്ട്.

വിദ്യാർഥികളുടെ ആരോഗ്യ സുരക്ഷ വിദ്യാലയങ്ങളുടെയും രക്ഷിതാക്കളുടെയും കൂട്ടുത്തരവാദിത്തമാണെന്നും 10 ലക്ഷത്തിലേറെ വിദ്യാർഥികള്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് നൽകുന്നതെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വ്യക്തമാക്കിയിരുന്നു. സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താനുള്ള യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിദ്യാർഥികൾക്ക് ഭാവുകങ്ങൾ നേർന്നു. ഇൗ അധ്യയനവർഷവും വിദ്യാഭ്യാസരംഗം കരുത്താർജിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാവർക്കും മതിയായ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാലയങ്ങൾ പുതിയ അധ്യയന വർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു. അബുദാബിയില്‍ ഇതുവരെ 449 സ്കൂളുകളിലും 25 യൂണിവേഴ്സിറ്റികളിലും 56,207 കൊവിഡ് പരിശോധനകള്‍ നടത്തിയതായി അധികൃതർ അറിയിച്ചു. അതേസമയം, കൊവി‍ഡ് പശ്ചാത്തലത്തിൽ വലിയൊരു ശതമാനം കുട്ടികളും ഇ–ലേണിങ് തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.