
സ്വന്തം ലേഖകൻ: യുഎഇയിലെ പൊതുവിദ്യാലയങ്ങളിൽ ജനുവരി മൂന്നിന് ഞായറാഴ്ച ക്ലാസുകൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. ആദ്യ രണ്ടാഴ്ചത്തെ ഇ-ലേണിങ്ങിന് ശേഷമായിരിക്കും സ്കൂളുകളിൽ നേരിട്ടെത്തിയുള്ള പഠനം തുടങ്ങുക. കോവിഡ് പ്രത്യേക സാഹചര്യം വിലയിരുത്തി ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടും. 50 ശതമാനം ജീവനക്കാർക്കുമാത്രമേ സ്കൂളുകളിലേക്ക് പ്രവേശനമുള്ളൂ. എല്ലാ കോവിഡ് മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണമെന്നും നിർദേശമുണ്ട്.
അധ്യയനം ആരംഭിച്ച ശേഷമുള്ള രാജ്യത്തെ സ്ഥിതിയും സംഭവവികാസങ്ങളും വിലയിരുത്തിയും ആരോഗ്യസ്ഥിതിയും പരിശോധിച്ച് വിലയിരുത്തിയ ശേഷം പൂർണമായി ക്ലാസുകളിലുള്ള പഠനത്തിലേക്ക് തിരിച്ചെത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഓൺലൈൻ പഠനം തുടരുന്ന രണ്ടാഴ്ചക്കാലം 50 ശതമാനം അധ്യാപകരും ജീവനക്കാരും മാത്രമേ സ്കൂളുകളിൽ ഹാജരാൻ പാടുള്ളൂ. ശേഷിക്കുന്നവർ വീട്ടിലിരുന്ന് ജോലി തുടരണമെന്നും മന്ത്രാലയം പുറത്തിറക്കിയ പുതിയ സർക്കുലറിൽ ചൂണ്ടിക്കാട്ടി.
വിട്ടുമാറാത്ത ആരോഗ്യസ്ഥിതിയിലുള്ളവർ ഉൾപ്പെടെ എല്ലാ വിദ്യാർഥികൾക്കും അടുത്തമാസം മുതൽ ക്ലാസുകളിലേക്ക് മടങ്ങാൻ അനുമതി നൽകിയതിനാൽ അബൂദാബിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാറ്റങ്ങൾക്കായി സജ്ജമാക്കിയിട്ടുണ്ട്. അധ്യയന വർഷത്തിെൻറ ആദ്യ കാലയളവിലെ വിദൂര പഠനം അവസാനിക്കുന്നതോടെ ക്ലാസ് മുറികളിലേക്ക് മടങ്ങിവരുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ വർധന പ്രതീക്ഷിക്കുന്നതായി പ്രിൻസിപ്പൽമാർ പറഞ്ഞു. കോവിഡ് -19 വാക്സിൻ നൽകുന്നത് ഉൾപെടെയുള്ള കാര്യങ്ങളിൽ മാതാപിതാക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനാവശ്യമായ ബോധവത്കരണവും പിന്തുണയും സ്കൂളുകൾ ഉറപ്പാക്കുമെന്നും വിദ്യാലയ മേധാവികൾ വ്യക്തമാക്കി.
ഏഴു മുതൽ ഒമ്പത്, 11 മുതൽ 14 വയസ്സ് ഗ്രൂപ്പുകളിലുള്ള സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികൾ 10 മാസത്തെ ഇടവേളക്ക് ശേഷം ജനുവരിയിൽ ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തും. രാജ്യത്തുടനീളമുള്ള സ്വകാര്യ സ്കൂൾ വിദ്യാർഥികളെല്ലാം അടുത്തയാഴ്ച പൂർണമായും ക്ലാസ് റൂം പഠനത്തിലേക്ക് മടങ്ങുകയാണ്.
പുതുവത്സര ദിനമായ 2021 ജനുവരി ഒന്നിന് യുഎഇയിലെ പൊതു–സ്വകാര്യ മേഖലകളിൽ യുഎഇ മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച അവധി ലഭിക്കാത്തവർക്ക് ശമ്പളത്തോടുകൂടിയ അവധി ഗുണകരമാകുമെന്ന് വ്യക്തമാക്കി.
അതിനിടെ കൊവിഡ് വകഭേദം യുഎഇയിലും എത്തിയതായി സ്ഥിരീകരണം. വിദേശത്തുനിന്നു വന്ന ചിലരിലാണ് ഇത് കണ്ടെത്തിയതെന്നും വളരെ കുറച്ചുപേർക്കു മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഒമർ അൽ ഹമ്മാദി പറഞ്ഞു. വാരാന്ത്യ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല