
സ്വന്തം ലേഖകൻ: യുഎഇയിലെ സ്കൂളുകളിലും കോളജുകളിലും പ്രവേശിക്കുന്നതിന് വിദ്യാർഥികൾ പാലിക്കേണ്ട വാക്സിനേഷൻ, പി.സി.ആർ പരിശോധന മാനദണ്ഡങ്ങൾ പറുത്തിറക്കി. ഇതനുസരിച്ച് അക്കാദമിക വർഷം ആരംഭിച്ച് 30 ദിവസത്തെ ഗ്രേസ് പീരിയഡിന് ശേഷം 12 വയസ്സിന് താഴെയുള്ള വാക്സിനെടുക്കാത്ത കുട്ടികളും മുകളിലുള്ള വാക്സിനെടുത്ത കുട്ടികളും എല്ലാ മാസവും പി.സി.ആർ പരിശോധനക്ക് വിധേയരാകണം.
12 വയസ്സിൽ കൂടുതലുള്ള വാക്സിനെടുക്കാത്ത കുട്ടികൾ എല്ലാ ആഴ്ചയും പി.സി.ആർ പരിശോധന നടത്തണമെന്നും യുഎഇ ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹുസ്നി അറിയിച്ചു. ഗ്രേസ് പീരിയഡായി അനുവദിച്ച സമയത്തിനുള്ളിൽ എല്ലാ വിദ്യാർഥികളും വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഈ ഒരുമാസം എല്ലാ വിദ്യാർഥികളും രണ്ടാഴ്ചയിൽ പി.സി.ആർ പരിശോധന നടത്തണം. കുട്ടികളുടെ കുത്തിവെപ്പിെൻറ തെളിവ് രക്ഷിതാക്കൾ അൽ ഹുസ്ൻ ആപ്പിൽ കാണിക്കുകയും പി.സി.ആർ പരിശോധന ഫലം പ്രിൻറ് ചെയ്ത് സ്കൂളിൽ കൊണ്ടുവരുകയും ചെയ്യണമെന്ന് പെരുമാറ്റച്ചട്ടം നിഷ്കർഷിക്കുന്നു. വിദൂര പഠനം വാക്സിനെടുത്തവർക്കും എടുക്കാത്തവർക്കും ഉപയോഗിക്കാവുന്ന രൂപത്തിൽ തുടരും.
ആരോഗ്യകാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് പ്രത്യേക സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും കൃത്യമായ ഇടവേളകളിൽ പി.സി.ആർ പരിശോധന മതിയാകുമെന്നും ഡോ. ഫരീദ ആരോഗ്യവകുപ്പിെൻറ പ്രതിവാര വാർത്തസമ്മേളത്തിൽ വ്യക്തമാക്കി. കുട്ടികൾക്ക് വാക്സിൻ നൽകാൻ അധികൃതർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു. മൂന്നും മൂന്നിൽ കൂടുതലും പ്രായമുള്ളവർ സിനോഫാമും 12ഉം കൂടുതലും പ്രായമുള്ള വിദ്യാർഥികൾ ഫൈസർ വാക്സിനുമാണ് സ്വീകരിക്കേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല