1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 30, 2024

സ്വന്തം ലേഖകൻ: നഗരമാലിന്യം കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി ആഗോള നഗരമായ ദുബായിയുടെ പുതിയ ചുവടുവയ്പ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാത്തരം പ്ലാസ്റ്റിക്, പേപ്പര്‍ ബാഗുകളും ദുബായ് മുനിസിപ്പാലിറ്റി നിരോധിച്ചു. ജൂണ്‍ ഒന്നു മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും.

ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ക്യാരിബാഗുകളോ പേപ്പര്‍ ബാഗുകളോ നല്‍കേണ്ട ഉത്തരവാദിത്തം വില്‍പ്പനക്കാര്‍ക്ക് ഉണ്ടാവില്ല. നിരോധനം വരുമ്പോള്‍ പകരം സംവിധാനമൊരുക്കാന്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഷോപ്പിങിന് പോകുമ്പോള്‍ പുനരുപയോഗ സഞ്ചികള്‍ കൊണ്ടുവരാന്‍ ദുബായ് മുനിസിപ്പാലിറ്റി ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു. പുനരുപയോഗ പ്ലാസ്റ്റിക് കവറുകള്‍, പേപ്പര്‍ കവറുകള്‍ എന്നിവ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.

എന്നാല്‍ ബ്രഡ് ബാഗുകള്‍, ഉല്‍പന്ന നിര്‍മാണ സമയത്തെ പാക്കിങിന് ഉപയോഗിക്കുന്ന ബാഗുകള്‍, ത്രാഷ് ബിന്നില്‍ ഉപയോഗിക്കുന്ന കവറുകള്‍, പച്ചക്കറികള്‍-മാംസം-മത്സ്യം-ചിക്കന്‍ എന്നിവക്കുള്ള കവറുകള്‍, ലോണ്‍ഡ്രി ബാഗുകള്‍, ഇലക്ട്രോണിക് ഉപകരണ ബാഗുകള്‍, മാലിന്യ സഞ്ചികള്‍, ധാന്യ സഞ്ചികള്‍ എന്നിവക്ക് ഇളവുണ്ട്.

ഈ വര്‍ഷം ആദ്യം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കാനും കട്ടിയുള്ള ബാഗുകള്‍ക്ക് 25 ഫില്‍സ് ചാര്‍ജ് ഈടാക്കാനും ദുബായ് തീരുമാനിച്ചിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ച നിരോധിത ബാഗുകളില്‍ ജൈവ മാലിന്യത്തില്‍ പെടുന്നവയും ഉള്‍പ്പെടുന്നതായി മുനിസിപ്പാലിറ്റി പൊതുജനങ്ങള്‍ക്കായി പുറത്തിറക്കിയ ബോധവല്‍ക്കരണ ഗൈഡില്‍ വ്യക്തമാക്കുന്നു. മുനിസിപ്പാലിറ്റി ഗൈഡ് അറബിയിലും ഇംഗ്ലീഷിലും ഓണ്‍ലൈനില്‍ ലഭ്യമാണ്.

ബയോഡീഗ്രേഡബിള്‍ ബാഗുകള്‍ക്ക് സ്വന്തം റീസൈക്ലിങ് സ്റ്റേഷനുകള്‍ ആവശ്യമാണ്. മാലിന്യക്കൂമ്പാരങ്ങളില്‍ അവശേഷിച്ചാല്‍, അവ ചെറിയ പ്ലാസ്റ്റിക് കണികകള്‍ (മൈക്രോപ്ലാസ്റ്റിക്) അവശേഷിപ്പിക്കും. അത് മൃഗങ്ങളുടെ ശരീരത്തിലെത്തും. അങ്ങനെ അവ ഭക്ഷ്യശൃംഖലയില്‍ പ്രവേശിക്കുമെന്നും മുനിസിപ്പാലിറ്റി ഗൈഡില്‍ വ്യക്തമാക്കി.

നിയമലംഘനം കണ്ടെത്തിയാല്‍ 200 ദിര്‍ഹമാണ് പിഴ. ആവര്‍ത്തിച്ചുള്ള നിയമലംഘനങ്ങള്‍ക്ക് പിഴത്തുക ഇരട്ടിയാവും. ഇങ്ങനെ പരമാവധി 2,000 ദിര്‍ഹം വരെ പിഴ ചുമത്താം. തെറ്റായ രീതിയില്‍ പാക്കിങ് കണ്ടെത്തിയാല്‍ ദുബായ് ഇക്കണോമി ആന്‍ഡ് ടൂറിസം വകുപ്പിനെ അറിയിക്കണമെന്ന് അധികൃതര്‍ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.