
സ്വന്തം ലേഖകൻ: സംരംഭകർക്കും യുവജനങ്ങൾക്കും കൂടുതൽ അവസരങ്ങളൊരുക്കി സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
സംരംഭകർക്ക് പുതിയ അറിവുകളും അവസരങ്ങളും ലഭ്യമാക്കുന്ന ‘സ്കിൽ അപ് അക്കാദമി’, വിവിധ രംഗങ്ങളിൽ മികവ് പുലർത്തുന്നവർക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാനുള്ള ‘സ്കെയിൽ അപ് പ്ലാറ്റ്ഫോം’, നിക്ഷേപ അവസരങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും വിവരങ്ങൾ ലഭ്യമാക്കുന്ന ‘ഗ്രോ ഇൻ യുഎഇ’ പോർട്ടൽ എന്നിവയ്ക്കാണു തുടക്കമിട്ടത്.
ദുബായ് എമിറേറ്റിൽ കഴിഞ്ഞവർഷം തുടങ്ങിയ ‘സ്കെയിൽ അപ് ദുബായ് പ്രോഗ്രാം’ വൻ വിജയമായിരുന്നു. സാമ്പത്തിക മന്ത്രാലയം രൂപം നൽകിയ പദ്ധതികൾ ഷെയ്ഖ് മുഹമ്മദ് വിലയിരുത്തി. കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താൻ സഹായിക്കും.
സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളെയും പുതിയ അവസരങ്ങളെയും കുറിച്ചുള്ള രാജ്യാന്തര നിക്ഷേപക സംഗമം അടുത്ത മാർച്ചിൽ നടത്താനും തീരുമാനിച്ചു.
കമ്പനികളുടെ വളർച്ച, പുതിയ സംരംഭകർക്ക് അവസരം, രാജ്യാന്തര സാധ്യതകൾ പരിചയപ്പെടുത്തുകയും സാങ്കേതിക വിദ്യകൾ പഠിപ്പിക്കുകയും ചെയ്യുക, നടപടികൾ വേഗത്തിലും സുതാര്യമായും പൂർത്തിയാക്കാൻ കഴിയുക തുടങ്ങിയ പ്രധാന ലക്ഷ്യങ്ങളാണ് സ്കിൽ അപ് അക്കാദമി, സ്കെയിൽ അപ് പ്ലാറ്റ്ഫോം, ഗ്രോ യുഎഇ എന്നിവയ്ക്കുള്ളത്.
ചെറുകിട-ഇടത്തരം സംരംഭകർക്ക് സഹായകമാകുന്നതിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കും. വിദേശ യുവസംരംഭകർക്കും അവസരമുണ്ടാകും. മികച്ച ആശയങ്ങളുമായെത്തുന്നവർക്ക് പ്രോത്സാഹനവും സഹായവും നൽകും.
നയപരിപാടികൾ, വികസന മാതൃകകൾ, സാങ്കേതിക മുന്നേറ്റങ്ങൾ തുടങ്ങിയവയുടെ സമഗ്ര വിവരശേഖരം തയാറാക്കാനും ഗവേഷണം നടത്താനും യുഎഇ ഗ്രോത്ത് ലാബിനും തുടക്കമിട്ടു. യുഎഇ, സായിദ് സർവകലാശാലകൾ, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ, ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി എന്നിവയുടെ സഹകരണത്തോടെയാണിത്.
നൂതന ആശയങ്ങളിലും സാങ്കേതിക വിദ്യകളിലും അധിഷ്ഠിതമായ വികസനം ലക്ഷ്യമിടുന്ന 4–ാം വ്യവസായ വിപ്ലവത്തിന്റെ ഭാഗമായുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും ചെറുകിട- ഇടത്തരം സംരംഭകർക്കു മാർഗനിർദേശങ്ങൾ നൽകുന്നതും ലാബിന്റെ ചുമതലയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല