1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2021

സ്വന്തം ലേഖകൻ: പരീക്ഷണ ഘട്ടങ്ങൾ പൂർത്തിയാക്കി സ്മാർട് ട്രാക്കുകളിലെത്താൻ സ്വയം നിയന്ത്രിത (ഓട്ടോണമസ്) വാഹനങ്ങൾ ഒരുങ്ങുന്നു. ഡ്രൈവറില്ലാ മെട്രോയ്ക്കു പിന്നാലെ ഹൈടെക് വാഹനങ്ങളും സമീപഭാവിയിൽ പാതകൾ കീഴടക്കും. അതിവേഗ ഗതാഗത പദ്ധതിയായ ഹൈപ്പർലൂപ്പും പുരോഗമിക്കുകയാണ്. 2030 ആകുമ്പോഴേക്കും 4,000 സ്വയം നിയന്ത്രിത ടാക്സികൾ നിരത്തിലിറക്കാനാണ് ആർടിഎ പദ്ധതി.

എക്സ്പോ വേദികളിൽ 3 മാസത്തെ പരീക്ഷണയോട്ടം പൂർത്തിയാക്കിയ ഡ്രൈവറില്ലാ വാഹനങ്ങൾ കൂടുതൽ മേഖലകളിൽ സർവീസ് ആരംഭിക്കും. ഇ-സ്കൂട്ടറിൽ മാറ്റം വരുത്തിയ ഇ-വാൻ ചരക്കുനീക്കത്തിനും ഉപയോഗിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ എക്സ്പോയിൽ ഹൈഡ്രജൻ വാഹനങ്ങൾ അവതരിപ്പിക്കുന്നതും സജീവ പരിഗണനയിലാണ്. ഇലക്ട്രിക് വാഹനങ്ങളുമായി വരുന്ന സന്ദർശകരുടെ സൗകര്യാർഥം എക്സ്പോ വേദിയോടനുബന്ധിച്ച് 17 ചാർജിങ് സ്റ്റേഷനുകളുണ്ട്.

ഈ വർഷം ഫെബ്രുവരി അവസാനം വരെയുള്ള കണക്കനുസരിച്ച് ദുബായിൽ 2,473 ഇലക്ട്രിക് വാഹനങ്ങളും 6,016 ഹൈബ്രിഡ് വാഹനങ്ങളുമുണ്ട്.ഓട്ടോണമസ് വാഹനങ്ങൾ കൂടി വരുന്നതോടെ ഗതാഗതമേഖല പൂർണമായും സ്മാർട് ആകും. സുരക്ഷ ഉറപ്പാക്കാൻ നൂതന സെൻസറുകളും ക്യാമറകളും ഈ വാഹനങ്ങളിലുണ്ട്. നിർമിതബുദ്ധി ഉപയോഗിച്ചാണു പ്രവർത്തനം. ചുറ്റുമുള്ള വാഹനങ്ങൾ, ട്രാക്കുകൾ എന്നിവയെയും വഴിയാത്രക്കാരെയും നിരീക്ഷിക്കാൻ സംവിധാനമുണ്ട്. എത്ര തിരക്കുള്ള റോഡിലും അനായാസം സഞ്ചരിക്കാൻ കഴിയും.

തുടർച്ചയായി 16 മണിക്കൂർ വരെ വൈദ്യുതിയിൽ പ്രവർത്തിക്കാൻ കഴിയുന്ന വാഹനങ്ങളാണിവ. ഊബർ എയർ ടാക്സി, പറക്കുംതളികയുടെ അപരനായ ‘സ്കൈഡൈവർ’, 3.6 സെക്കൻഡ് കൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാനാവുന്ന സൂപ്പർകാർ, എയർടാക്സി, പോഡുകൾ, ഹോവർ ബൈക്കുകൾ എന്നിവയെല്ലാം എത്തുന്ന കാലം അതി വിദൂരമല്ലെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.