1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2022

സ്വന്തം ലേഖകൻ: യുഎഇയുടെ വിവിധ മേഖലകളിൽ ദൂരക്കാഴ്ച കുറച്ച് ശക്തമായ മൂടൽമഞ്ഞ് തുടരുന്നു. പലയിടങ്ങളിലും രാവിലെ 10 ആയിട്ടും അന്തരീക്ഷം തെളിഞ്ഞില്ല. അപകടങ്ങളോ ഗതാഗത പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നും മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ േകന്ദ്രം അറിയിച്ചു.

രാത്രിയിൽ തുടങ്ങുന്ന മൂടൽമഞ്ഞ് പുലർച്ചെ ശക്തമാകുന്നു. തണുത്ത കാറ്റുമുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നു പൊലീസ് നിർദേശിച്ചു. അബുദാബി അൽ ദഫ്ര, അൽഐൻ, ലിവ, മദീനത് സായിദ്, ദുബായ് ലിസൈലി, ലഹ്ബാബ്, ജബൽഅലി, മിൻഹാദ്, ഷാർജ രാജ്യാന്തര വിമാനത്താവള പരിസരം, മദാം, റാസൽഖൈമ ജബൽ ജെയ്സ് മേഖലകൾ എന്നിവിടങ്ങളിൽ മൂടൽമഞ്ഞ് ശക്തമായിരുന്നു. 9.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രാവിലത്തെ കുറഞ്ഞ താപനില. അതേസമയം, പകൽ പലയിടങ്ങളിലും താപനില ഉയർന്നു.

2008 മാർച്ച് 11ന് കനത്ത മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറഞ്ഞ് അബുദാബി ഗന്തൂതിൽ ഇരുനൂറോളം വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തി 6 പേരാണ് മരിച്ചത്. പലർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഗന്തൂത് ദുരന്തത്തിന്റെ രണ്ടാം വാർഷികത്തലേന്ന് ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിനടുത്ത് സമാന രീതിയിൽ അപകടമുണ്ടായിരുന്നു.

റോഡിലും പാർക്കിങ്ങിലും ശ്രദ്ധ വേണം. മൂടൽമഞ്ഞുള്ളപ്പോൾ വാഹനങ്ങൾ വേഗത്തിലും പാർക്കിങ്ങിലും ശ്രദ്ധിക്കണം. റോഡരികിൽ നിർത്താതെ മാറ്റി പാർക്ക് ചെയ്യണം. പിന്നിൽ വരുന്ന വാഹനങ്ങൾ ഇടിക്കാതിരിക്കാനാണിത്. ലോങ് ബീം ഒഴിവാക്കി ലോ ബീം ലൈറ്റുകൾ ഉപയോഗിക്കണം. ഡബിൾ ഇൻഡിക്കേറ്റർ ഇടരുത്.

മുന്നിലുള്ള വാഹനത്തിൽ നിന്നു നിശ്ചിത അകലം പാലിച്ച് കുറഞ്ഞ വേഗത്തിൽ ഡ്രൈവ് ചെയ്യണം. കഴിയുന്നതും ഒരേ ലെയ്നിൽ യാത്ര തുടരുക. ഓവർടേക്ക് ചെയ്യുന്ന പ്രവണത ഒഴിവാക്കണം. സഡൻ ബ്രേക്കും ഒഴിവാക്കാം. വാഹനങ്ങളുടെ എല്ലാഭാഗത്തെയും ഗ്ലാസ് വൃത്തിയാക്കുക. യഥാസമയം വാഹനത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയും പുറപ്പെടുംമുൻപ് ടയറും ബ്രേക്കും പരിശോധിക്കുകയും ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.