1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2021

സ്വന്തം ലേഖകൻ: വാഹനത്തിലോ അടച്ചിട്ട മുറിയിലോ 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ ഫെഡറൽ പബ്ലിക് പ്രോഷിക്യൂഷൻ മുന്നറിയിപ്പ് നൽകി. ആദ്യ തവണ 5,000 ദിർഹവും രണ്ടാം തവണ 10,000 ദിർഹവുമാണ് ചുമത്തുക. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘വദീമ ‘നിയമത്തിന്റെ ഭാഗമായാണിത്.

18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയിലയോ പുകയില ഉൽപന്നങ്ങളോ വിൽക്കാൻ പാടില്ല. പുകയില ഉൽപന്നങ്ങൾ വിൽക്കുമ്പോൾ കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖ വിൽപനക്കാർ ചോദിക്കണമെന്നാണു നിയമം. കുട്ടികളുള്ള വാഹനങ്ങളിൽ മുതിർന്നവർ പുകവലിക്കുന്നതു കണ്ടാൽ പട്രോളിങ്ങിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കു നടപടിയെടുക്കാം.

ലഹരി വസ്തുക്കൾ കുട്ടികൾക്ക് കൈമാറുന്നതും വദീമ നിയമം 12 അനുച്ഛേദപ്രകാരം ഗുരുതര കുറ്റമാണ്. പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള നടപടികളും കൂടുതൽ കർശനമാക്കി. 7 വയസ്സിൽ താഴെയുള്ള കുട്ടികൾ വാഹനത്തിൽ കുടുങ്ങുന്ന കേസുകളിലും 10,000 ദിർഹമാണു പിഴ. വാഹനങ്ങളിൽ കുടുങ്ങിയ 39 കുട്ടികളെയാണ് ഈ വർഷം പൊലീസ് രക്ഷപ്പെടുത്തിയത്.

കുട്ടികളെ വാഹനത്തിലിരുത്തി ലോക്ക് ചെയ്തു രക്ഷിതാക്കൾ ഷോപ്പിങ്ങിനും മറ്റും പോയ കേസുകളും ഇതിൽ ഉൾപ്പെടുന്നു. പാർക്കിങ്ങിൽ വാഹനം നിർത്തിയശേഷം ലോക് ചെയ്തില്ലെങ്കിൽ കളിക്കുന്നതിനിടെ കുട്ടികൾ കയറി കുടുങ്ങാം. വാഹനത്തിന്റെ വിൻഡോ ഗ്ലാസുകൾ അടച്ചിടാനും ശ്രദ്ധിക്കണം. കുട്ടികളെ ഉള്ളിലാക്കി വാഹനം സ്റ്റാർട്ട് ചെയ്തിട്ടു പോകുന്നതും സുരക്ഷിതമല്ല. അവർ കളിക്കുന്നതിനിടെ ഗിയർ മാറ്റിയോ എസിയും എൻജിനും ഓഫ് ചെയ്തോ അപകടങ്ങൾ ഉണ്ടാകാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.