1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 30, 2018

സ്വന്തം ലേഖകന്‍: ഖലീഫാസാറ്റ് മാനത്ത്! യുഎഇ സ്വന്തമായി നിര്‍മിച്ച ആദ്യ കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണം വിജയം. രാജ്യം സ്വന്തമായി നിര്‍മിച്ച ആദ്യ കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണ വിജയമാണ് കഴിഞ്ഞ ദിവസം യുഎഇയിലെ മാധ്യമങ്ങളില്‍ നിറഞ്ഞത്. പൂര്‍ണമായും യു.എ.ഇ. ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ നിര്‍മിച്ച് തിങ്കളാഴ്ച ജപ്പാനില്‍നിന്ന് വിക്ഷേപിച്ച ഖലീഫാസാറ്റ് എന്ന കൃത്രിമോപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍ എത്തി.

ജപ്പാനിലെ ടാനേഗാഷിമി സ്‌പേസ് സെന്ററില്‍നിന്ന് രാവിലെ യു.എ.ഇ. സമയം 8.08നായിരുന്നു വിക്ഷേപണം. 9.58 ആയപ്പോഴേക്കും ഖലീഫാസാറ്റില്‍നിന്നുള്ള ആദ്യ സന്ദേശങ്ങള്‍ ലഭിച്ചുതുടങ്ങി. വിക്ഷേപണം വിജയകരമാണെന്നതിന്റെ ആദ്യ സൂചനയായിരുന്നു ഇത്. ഉപഗ്രഹം നിര്‍മിച്ച മൊഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററില്‍ അപ്പോഴേക്കും ആഹ്ലാദപ്രകടനം ആരംഭിച്ചിരുന്നു. യു.എ.ഇ. ജനത രാവിലെ മുതല്‍ വിക്ഷേപണം ടെലിവിഷനില്‍ തത്സമയം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. സംപ്രേഷണം 10.05 വരെ നീണ്ടു.

70 സ്വദേശിശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് ഖലീഫാസാറ്റ് വികസിപ്പിച്ചത്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പേരില്‍നിന്നാണ് ഖലീഫാസാറ്റ് എന്ന പേര് വന്നത്. യു.എ.ഇ.യുടെ ചൊവ്വാ ദൗത്യത്തിന്റെ തുടക്കം കൂടിയാണ് ഖലീഫാസാറ്റ്. സെക്കന്‍ഡില്‍ ഏഴ് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഖലീഫാസാറ്റ് ദിവസം പതിന്നാലര വട്ടം ഭൂമിയെ ചുറ്റും. ഇതിനിടയില്‍ ഭൂമിയുടെ മികച്ച ചിത്രങ്ങള്‍ എടുത്ത് അയയ്ക്കാനും കഴിയും.

350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഭൂമിയില്‍നിന്ന് 613 കിലോമീറ്റര്‍ ദൂരെയുള്ള ഭ്രമണപഥത്തില്‍ വലംവെക്കും. ഉയര്‍ന്ന റെസൊല്യൂഷനില്‍ അതിവേഗം ത്രിമാന ചിത്രങ്ങളെടുക്കാമെന്നതാണ് പ്രധാന നേട്ടം. പാരിസ്ഥിതിക മാറ്റങ്ങളും അറബ് മേഖലയിലെ എണ്ണച്ചോര്‍ച്ചയും വെള്ളത്തിന്റെ ഗുണനിലവാരവും കണ്ടെത്താന്‍ ഉപഗ്രഹത്തിന് കഴിയും. ഖലീഫാസാറ്റ് അയയ്ക്കുന്ന ചിത്രങ്ങള്‍ യു.എ.ഇ.യിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സര്‍വകലാശാലകള്‍ക്കും ലഭിക്കും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.