
സ്വന്തം ലേഖകൻ: കടുത്ത ചൂടിൽ യുഎഇ പൊള്ളുന്നു. വെള്ളിയാഴ്ച 51 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അൽഐനിലെ സ്വൈഹാനിലെ കൂടിയ താപനില. ചൂട് കൂടിയതോടെ ആരോഗ്യസുരക്ഷാ കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ഡോക്ടർമാർ അറിയിച്ചു. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും പുറത്തു പോകുന്നവരും വാഹനമോടിക്കുന്നവരും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കടുത്ത ചൂടുള്ളപ്പോൾ സൂര്യപ്രകാശം നേരിട്ട് ഏൽക്കുംവിധം പുറത്ത് ഇറങ്ങുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. തലച്ചോർ, ഹൃദയം, വൃക്ക തുടങ്ങി ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കും. ശരീരത്തിൽ ഉപ്പിന്റെയും ജലാംശത്തിന്റെയും അളവ് കുറയാതെ നോക്കണം.
ചൂട് സമയത്ത് ബീച്ചിലും പാർക്കിലും പോകുന്നതും ഒഴിവാക്കാം. പ്രത്യേകിച്ച് പ്രായമായവും കുട്ടികളും കടുത്ത ചൂടിൽ പുറത്തിറങ്ങരുത്. പുറത്തുപോകേണ്ടി വന്നാൽ കുട ഉപയോഗിക്കുകയും കൂളിങ് ഗ്ലാസ് ധരിക്കുകയും വേണം.
പഴം, പച്ചക്കറി, ധാന്യങ്ങൾ ചേർന്ന ഭക്ഷണ ക്രമീകരണം ഉറപ്പാക്കാം. പുകവലി ഒഴിവാക്കണം. കൃത്യമായ വ്യായാമവും ഉറക്കവും പതിവാക്കാം. ഓരോ വ്യക്തിയുടെ ഉയരവും ഭാരവും വ്യായാമവും ജീവിത ശൈലി രോഗങ്ങളുമെല്ലാം കണക്കിലെടുത്താണ് ഹെൽത്തി ഡയറ്റ് ഒരുക്കേണ്ടത്. ദിവസേന രണ്ടര ലീറ്റർ വെള്ളം കുടിക്കണം.
മരുഭൂമി, പാർക്ക്, ബീച്ച് തുടങ്ങി തുറസ്സായ സ്ഥലങ്ങളിൽ ചൂടുകാലത്ത് കൂടുതൽ സമയം ചെവഴിക്കരുത്. പ്രത്യേകിച്ച് 10 മുതൽ 4 വരെയുള്ള സമയങ്ങളിൽ. നിർജലീകരണം, സൂര്യാഘാതം തുടങ്ങി കടുത്ത ആരോഗ്യത്തിന് ഹാനികരമാകുന്നതിനാൽ കാലാവസ്ഥ അനുകൂലമാകുന്നതുവരെ ഔട്ടിങ് ഒഴിവാക്കാം.
അതിനിടെ യു.എ.ഇ.യിൽ വീണ്ടും കോവിഡ് രോഗബാധ രണ്ടായിരത്തിന് മുകളിലെത്തി. അഞ്ചുപേർകൂടി 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 1696 ആയി. 2150 പേർ രോഗമുക്തി നേടിയതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതുവരെ 5,81,197 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇവരിൽ 5,60,734 പേരും രോഗമുക്തിനേടി. നിലവിൽ 18767 പേർ ചികിത്സയിലുണ്ട്. 24 മണിക്കൂറിനിടെ 2,46,510 പേരിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതോടെ ആകെ പരിശോധനകൾ 5.14 കോടിയിലെത്തി. രാജ്യമൊട്ടാകെ കോവിഡ് പരിശോധനകളും കോവിഡ് പ്രതിരോധകുത്തിവെപ്പും നടന്നുവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല