1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 7, 2024

സ്വന്തം ലേഖകൻ: യുഎഇയില്‍ അധ്യാപകര്‍ക്ക് സ്‌കൂളിന് പുറത്ത് സ്വകാര്യ ട്യൂഷന്‍ നല്‍കുന്നതിന് വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ച് തുടങ്ങിയെങ്കിലും സ്വന്തം സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുക്കാന്‍ അനുവാദമില്ല. സ്വകാര്യ ട്യൂഷന്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് അധ്യാപകര്‍ ഒപ്പിടേണ്ട പെരുമാറ്റച്ചട്ടത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്തി.

നിയമവിരുദ്ധവും അനിയന്ത്രിതവുമായ സ്വകാര്യ ട്യൂഷന്‍ തടയുന്നതിന്റെ ഭാഗമായി ‘പ്രൈവറ്റ് ടീച്ചര്‍ വര്‍ക്ക് പെര്‍മിറ്റ്’ നല്‍കാന്‍ കഴിഞ്ഞ ഡിസംബറിലാണ് തീരുമാനിച്ചത്. മാനവവിഭവശേഷി വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പെര്‍മിറ്റ് സംവിധാനം ആവിഷ്‌കരിച്ചത്.

അധ്യാപകരെ അവര്‍ ജോലിചെയ്യുന്ന സ്‌കൂളുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് സേവനങ്ങള്‍ നല്‍കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാനായി ഒപ്പിടേണ്ട പെരുമാറ്റച്ചട്ടത്തില്‍ വ്യക്തമായി പ്രസ്താവിക്കുന്നു. അധ്യാപകര്‍ സ്വന്തം സ്‌കൂള്‍ വിദ്യാര്‍ഥികളെ വീടുകളില്‍ വച്ചോ സ്‌കൂളിന് പുറത്തോ പരിശീലിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന് പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ച വേളയില്‍ വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ട്യൂഷന് ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളിലെ പരീക്ഷാ മൂല്യനിര്‍ണയം പോലുള്ള സാഹചര്യങ്ങളില്‍ അധ്യാപകനില്‍ നിന്ന് ഉദാരമായ സമീപനം ഉണ്ടായേക്കാം. ക്ലാസ് മുറികളിലും മറ്റ് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പക്ഷപാതം ഉണ്ടായേക്കാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നും അഭിപ്രായമുയര്‍ന്നിരുന്നു. ഉചിതവും ന്യായവും പക്ഷപാതരഹിതവുമായ പഠന അന്തരീക്ഷം ഉറപ്പാക്കാനും അധ്യാപകരുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടാതിരിക്കാനും ഇത് ആവശ്യമാണ്.

യോഗ്യതയുള്ള അധ്യാപകര്‍ക്ക് മാത്രമാണ് സ്വകാര്യ ട്യൂഷനെടുക്കാന്‍ അനുവാദമുള്ളതെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം പെരുമാറ്റച്ചട്ടത്തില്‍ വ്യവസ്ഥ ചെയ്യുന്നു. രണ്ട് വര്‍ഷത്തെ പെര്‍മിറ്റ് ലഭിക്കുന്നതിന് അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ക്കൊപ്പം പെരുമാറ്റച്ചട്ടം സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതുണ്ട്.

അധ്യാപകര്‍ വിദ്യാര്‍ഥികളുമായി പ്രൊഫഷണല്‍ രീതിയിലുള്ള ഇടപെടലുകള്‍ മാത്രമേ നടത്താവൂ എന്ന് ഇതില്‍ നിഷ്‌കര്‍ഷിക്കുന്നു. ഇ-മെയിലുകളോ ചിത്രങ്ങളോ കുട്ടികള്‍ക്ക് അയക്കുന്നത് പോലുള്ള അനുചിതമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. വിദ്യാര്‍ഥികളുമായുള്ള ശാരീരികബന്ധം ഒഴിവാക്കണം.

വിദ്യാര്‍ഥികളുമായും രക്ഷിതാക്കളുമായും ബന്ധപ്പെട്ട വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തണം. ഒരു കാരണവശാലും വിദ്യാര്‍ഥികള്‍ വാക്കാലോ ശാരീരികമായോ പീഡിപ്പിക്കപ്പെടരുത്. രാജ്യത്തിന്റെ നയങ്ങളുമായി പൊരുത്തപ്പെടാത്ത കാര്യങ്ങളോ അസാധാരണമോ തീവ്രവാദ ആശയങ്ങളോ കുട്ടികളുമായി പങ്കുവയ്ക്കരുത്.

രജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍, തൊഴില്‍രഹിതര്‍, ജോലിയുള്ളവര്‍, 15 മുതല്‍ 18 വരെ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ട്യൂഷന്‍ പെര്‍മിറ്റിന് അപേക്ഷിക്കാം. സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ട്യൂഷനെടുക്കാം. പെര്‍മിറ്റ് ലഭിക്കാന്‍ ഫീസൊന്നും നല്‍കേണ്ടതില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.