
സ്വന്തം ലേഖകൻ: ഡെലിവറി ജോലിക്കാർക്ക് ദുബായ്യിൽ മൂന്നു വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നതിന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) പ്രവർത്തനം തുടങ്ങി. നിർമാണത്തിന് കഴിഞ്ഞ ദിവസം ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ജബൽ അലി വില്ലേജിലെ ഫെസ്റ്റിവൽ പ്ലാസക്ക് സമീപത്ത് ശൈഖ് സായിദ് റോഡ്, അൽ മുറഖബാത്ത് സ്ട്രീറ്റിൽ പോർട്ട് സയീദ്, അൽമനാമ സ്ട്രീറ്റിന് സമീപം റാസൽഖോർ ഇൻഡസ്ട്രിയൽ ഏരിയ-2 എന്നിവിടങ്ങളിലാണ് കേന്ദ്രം നിർമിക്കുക.
പെട്രോൾ പമ്പ്, അറ്റകുറ്റപ്പണിക്ക് സൗകര്യം, വിശ്രമ സ്ഥലം, റസ്റ്റാറന്റ് എന്നിവയെല്ലാം ഉൾപ്പെടുന്നതാകും കേന്ദ്രം. ഡെലിവറി റൈഡർമാരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് മികച്ച സൗകര്യം പ്രത്യേകമായി ഒരുക്കുന്നത്. സുരക്ഷാ, നിയമ ബോധവത്കരണത്തിനും മറ്റും ആവശ്യമായ സംവിധാനങ്ങളുമുണ്ടാകും.
കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തിലെ കണക്കനുസരിച്ച് എമിറേറ്റിൽ 2,891 ഡെലിവറി സർവിസ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. 2021നെ അപേക്ഷിച്ച് 48 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. 36 ഓൺലൈൻ ഡെലിവറി കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. സ്മാർട്ട് പ്ലാറ്റ്ഫോമുകളും ആപ്ലിക്കേഷനുകളും വഴി പ്രവർത്തിക്കുന്ന ഓൺലൈൻ കമ്പനികൾക്കും വലിയ സ്വീകാര്യതയാണുള്ളത്.
ഡെലിവറി റൈഡർമാരുടെ സേവനം മെച്ചപ്പെടുത്തുന്നതിന് നിരവധി നടപടികൾ ആർ.ടി.എ സ്വീകരിച്ചുവരുന്നുണ്ട്. പ്രഫഷനൽ റൈഡർ സർട്ടിഫിക്കറ്റ്, ഡെലിവറി സർവിസ് എക്സലൻസ് അവാർഡ്, ട്രാഫിക് ബോധവത്കരണ വർക് ഷോപ്പുകൾ എന്നിവ ഏർപ്പെടുത്തിയത് ഈ ആവശ്യത്തിനാണ്.
ദുബായ്യിൽ ഫുഡ് ഡെലിവറി റോബോട്ടുകൾ ഉപയോഗിക്കാനും ആർ.ടി.എ തീരുമാനിച്ചിട്ടുണ്ട്. ദുബായ് സിലിക്കൺ ഒയാസിസിലാണ് ആദ്യഘട്ടം ‘തലബോട്ട്’ പുറത്തിറക്കിയത്. അത്യാധുനിക സെൻസറുകളുടെ സഹായത്തോടെ വഴിയും മാർഗതടസ്സങ്ങളുമൊക്കെ മനസ്സിലാക്കി മുന്നോട്ടുനീങ്ങാൻ കഴിവുള്ളവയാകും തലബോട്ടുകൾ. നേരത്തേ ദുബായ് എക്സ്പോ വേദിയിൽ ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല