1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2021

സ്വന്തം ലേഖകൻ: ചികിത്സാര്‍ഥം വരുന്നവര്‍ക്കായി പ്രത്യേക വിസകള്‍ ലഭ്യമാക്കിയിരിക്കുകയാണ് യുഎഇ അധികൃതര്‍. ചികില്‍സയ്‌ക്കെത്തുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നാലു തരം വിസകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗികള്‍ക്ക് പേഷ്യന്റ് എന്‍ട്രി പെര്‍മിറ്റും കൂടെ നില്‍ക്കുന്നവര്‍ക്ക് പേഷ്യന്റ് കംപാനിയന്‍ എന്‍ട്രി പെര്‍മിറ്റുമാണ് അനുവദിക്കുക. അതേസമയം, യുഎഇയിലേക്ക് പൗരന്‍മാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇതിന്റെ ആവശ്യമില്ല.

രാജ്യത്തെ മികച്ച ആരോഗ്യ സേവനങ്ങള്‍ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ എത്തുന്നത് പ്രമാണിച്ച് വിസ നടപടികള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചികിത്സ വിസകള്‍ അനുവദിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വിസയില്‍ എത്താനുള്ള നടപടി ക്രമങ്ങള്‍ രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാലാണ് തീരുമാനം. പുതിയ ചികില്‍സാ വിസ ലഭിക്കാന്‍ യുഎഇ എംബസിയെയോ കോണ്‍സുലേറ്റിനെയോ മറ്റ് ഏജന്‍സികളെയോ സമീപിക്കേണ്ടതില്ലെന്നതാണ് പ്രത്യേകത.

നിങ്ങള്‍ ചികിത്സ തേടുന്ന മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കാണ് നിങ്ങള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള വിസ ശരിയാക്കാനുള്ള ചുമതല. രോഗിയുടെ വിസയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളോ, സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളോ ആയിരിക്കും സ്പോണ്‍സര്‍. 60 ദിവസമാണ് കാലാവധിയെങ്കിലും 30 ദിവസത്തേക്കു കൂടി നീട്ടാവുന്നതാണ്. വിസയ്ക്ക് അപേക്ഷിക്കുന്ന മെഡിക്കല്‍ സ്ഥാപനം യുഎഇ ആരോഗ്യ വരുപ്പിന്റെ അംഗീകാരമുള്ളതായിരിക്കണം എന്ന വ്യവസ്ഥയുമുണ്ട്.

ദുബായിവലാണ് ചികില്‍സയ്‌ക്കെത്തുന്നതെങ്കില്‍ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എ) വഴിയാണ് ആശുപത്രികള്‍ വിസയ്ക്ക് അപേക്ഷിക്കേണ്ടത്. അബൂദാബിയിലോ മറ്റ് എമിറേറ്റുകളിലോ ആണ് ചികില്‍സയ്ക്ക് വരുന്നതെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ (ഐസിഎ) ഇചാനല്‍ പ്ലാറ്റ്‌ഫോം വഴിയും അപേക്ഷിക്കണം.

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി നാലു തരം വിസകളാണ് യുഎഇ ഒരുക്കിയിരിക്കുന്നത്. അതിലൊന്ന് രോഗിക്ക് ഒറ്റത്തവണ മാത്രം പ്രവേശനാനുമതിയുള്ള സിംഗിള്‍ എന്‍ട്രി വിസയാണ്. 90 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി. ഈ വിസയില്‍ രാജ്യത്ത് പ്രവേശിച്ചാല്‍ 90 ദിവസം വരെ ചികില്‍സാര്‍ഥം തങ്ങാനാവും. എന്നാല്‍ രണ്ടാമത്തെ തരം വിസയായ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ കാലാവധി 90 ദിവസം തന്നെയാണെങ്കിലും ഈ ദിവസങ്ങള്‍ക്കിടയില്‍ എത്ര തവണ വേണമെങ്കിലും പോയിവരാം.

ചികില്‍സയ്ക്കായി രാജ്യത്ത് പ്രവേശിച്ചതു മുതലാണ് 90 ദിവസം കണക്കാക്കുക. വിസ അനുവദിച്ച് 60 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണമെന്ന നിബന്ധനയുമുണ്ട്. രോഗിക്ക് തുടര്‍ചികിത്സ ആവശ്യമാണെന്ന് തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ട് സഹിതം അപേക്ഷിച്ചാല്‍ ഒരു തവണ വിസ പുതുക്കി നല്‍കാനും വ്യവസ്ഥയുണ്ട്.

മെഡിക്കല്‍ ട്രീറ്റ്‌മെന്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ രോഗിയുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, സന്ദര്‍ശന കാരണം വ്യക്തമാക്കുന്ന അംഗീകൃത മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നുള്ള കത്ത്, രോഗിയുടെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് രേഖ, സാമ്പത്തിക ഭദ്രതയ്ക്കുള്ള തെളിവ് എന്നിവയാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്. ഈ രേഖകള്‍ ആശുപത്രിക്ക് മുന്‍കൂട്ടി കൈമാറണം. കൂട്ടിരിപ്പുകാര്‍ക്കുള്ള വിസ അപേക്ഷയോടൊപ്പം മെഡിക്കല്‍ സ്ഥാപനത്തില്‍ നിന്നുള്ള കത്ത് ഒഴിച്ചുള്ള മൂന്നു രേഖകള്‍ സമര്‍പ്പിച്ചാല്‍ മതി.

ചികില്‍സാ വിസ പോലെ കംപാനിയന്‍ വിസയും രണ്ട് തരമുണ്ട്. സിംഗിള്‍ എന്‍ട്രിയും മള്‍ട്ടിപ്പിള്‍ എന്‍ട്രിയും. 90 ദിവസത്തേക്ക് തന്നെയാണ് ഇതിന്റെയും കാലാവധി. രോഗിക്ക് തുടര്‍ ചികില്‍സ ആവശ്യമുണ്ടെന്നും കൂട്ടിരിപ്പുകാരുടെ ആവശ്യം നിലനില്‍ക്കുന്നുണ്ടെന്നും വ്യക്തമാക്കുന്ന ആശുപത്രി അധികൃതരുടെ സാക്ഷ്യപത്രം ഉണ്ടെങ്കില്‍ ഒരു തവണ കൂടി ഇതും പുതുക്കി നല്‍കും. രോഗിയോടൊപ്പം തന്നെ കൂട്ടിരിപ്പുകാരും രാജ്യത്ത് പ്രവേശിക്കണമെന്ന നിബന്ധനയുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.