
സ്വന്തം ലേഖകൻ: യു.എ.ഇ.യില്‍ കൊവിഡ് 19 നിയന്ത്രണങ്ങള്‍ ശക്തമാക്കി. തുടര്‍ച്ചയായ ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം മൂവായിരത്തിന് മുകളിലായതോടെയാണ് അബുദാബി നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. അബുദാബിയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സിനിമാ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.
മാളുകളില്‍ ഒരുസമയം 40 ശതമാനം പേര്‍ക്കും റസ്റ്റോറന്‍റുകളിലും കഫേകളിലും 60 ശതമാനം പേര്‍ക്കും മാത്രമാണ് പ്രവേശനാനുമതി. നിലവില്‍ അജ്മാനിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 12 മണിക്ക് ശേഷം കഫ്റ്റീരിയകള്‍, കഫേകള്‍ എന്നിവയ്ക്ക് വിലക്കുണ്ട്, എന്നാല്‍ ഹോംഡെലിവറി ആകാമെന്ന് അജ്മാന്‍ സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു.
എമിറേറ്റിൽ താമസിക്കുന്നവർക്കെല്ലാം കൊവിഡ്19 പിസിആർ പരിശോധന സൗജന്യമായിരിക്കുമെന്ന് ഉമ്മുൽഖുവൈൻ മെഡിക്കൽ ഡിസ്ട്രിക്ട് പ്രൈമറി ഹെൽത്ത് കെയർ വകുപ്പ് അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായാണ് പരിശോധന നടത്തുക. വകുപ്പിന് കീഴിലുള്ള എല്ലാ മെഡിക്കൽ സെന്ററുകളിലും ഇത് ലഭ്യമാണെന്ന് ഉമ്മുൽഖുവൈന‍് ഗവ.മീഡിയാ ഒാഫീസ് വ്യക്തമാക്കി. പരിശോധനയ്ക്ക് മുൻകൂട്ടിയുള്ള അനുമതി ആവശ്യമില്ല.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. അതേസമയം, കോവിഡ് നിയമം ലംഘിക്കുന്നവരെ പിടികൂടാനുള്ള പരിശോധന ശക്തമാക്കിയതായി ഉമ്മുൽഖുവൈൻ അടിയന്തര നിവാരണ വിഭാഗം അറിയിച്ചു. സാമൂഹിക അകലം പാലിക്കാതെ നടത്തുന്ന കൂട്ടായ്മകള്‍ക്കെതിരെയാണ് പ്രത്യേകിച്ച് അന്വേഷണം നടത്തുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല