സ്വന്തം ലേഖകൻ: തൊഴിൽ നഷ്ടപ്പെടുമ്പോൾ ലഭിക്കുന്ന ഇൻഷൂറൻസ് പരിരക്ഷാ പദ്ധതിയുടെ പ്രീമിയം അടയ്ക്കേണ്ടത് തൊഴിലാളി തന്നെ. പ്രീമിയം തുക തൊഴിലുടമ അടയ്ക്കേണ്ടതില്ലെന്നു മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ, സർക്കാർ മേഖലയിലെ മുഴുവൻ ജീവനക്കാരും സ്വന്തം ചെലവിൽ പദ്ധതിയുടെ ഭാഗമാകണം. തൊഴിൽ നഷ്ട ഇൻഷുറൻസ് തൊഴിലുടമയുടെ ബാധ്യതയല്ല. ഇൻഷുറൻസിന്റെ പൂർണ ഗുണഭോക്താവ് ജീവനക്കാരൻ മാത്രമാണ്. എന്നാൽ ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ തൊഴിലുടമകൾ ജീവനക്കാരെ പ്രോൽത്സാഹിപ്പിക്കണം. ഇൻഷുറൻസിന്റെ നേട്ടം ജീവനക്കാരെ ബോധ്യപ്പെടുത്തേണ്ടത് തൊഴിലുടമയുടെ ചുമതലയാണ്.
30നു മുൻപ് പദ്ധതിയുടെ ഭാഗമാകാത്തവർക്ക് 400 ദിർഹം പിഴ ഈടാക്കുമെന്നു മന്ത്രാലയം അറിയിച്ചു. ഇൻഷുറൻസ് കമ്പനിയുടെ www.iloe.ae വെബ്സൈറ്റ് , ദുബായ് ഇൻഷുറൻസ് കമ്പനിയുടെ സ്മാർട് ആപ്, അൽ അൻസാരി മണി എക്സ്ചേഞ്ച്, സെൽഫ് സർവീസ് മെഷീനുകൾ, ബിസിനസ്, ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ, ബാങ്കുകളുടെ മൊബൈൽ ഫോൺ ആപ്പുകൾ വഴി ഇൻഷുറൻസ് പദ്ധതിയിൽ ചേരാം.
പ്രീമിയം അടയ്ക്കേണ്ട ദിവസം കഴിഞ്ഞു 3 മാസം വൈകിയും പണം അടയ്ക്കുന്നില്ലെങ്കിൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് അസാധുവാകും. ഇവരിൽ നിന്ന് 200 ദിർഹം പിഴയും ഈടാക്കും. തൊഴിലാളിയുടെ വേതനത്തിൽ നിന്നാണ് പിഴ പിടിച്ചെടുക്കുക. വേതന വിതരണ പദ്ധതിയായ ഡബ്ല്യുപിഎസ് വഴി പിഴ സംഖ്യ ക്രമീകരിക്കും. അതിനു സാധിച്ചില്ലെങ്കിൽ തൊഴിലാളിയുടെ ഗ്രാറ്റുവിറ്റിയിൽ നിന്നോ മന്ത്രാലയം നിശ്ചയിക്കുന്ന മറ്റു വഴികളിലൂടെയോ പിഴ ഈടാക്കും.
ഇൻഷുറൻസ് ചെയ്ത വ്യക്തിയുടെ പേരിൽ കോടതിയിൽ കേസുണ്ടെങ്കിലും അടവ് തെറ്റിക്കരുത്. ഇവരും പദ്ധതിയുടെ ഭാഗമാകണം. വീസ റദ്ദാക്കുന്നതു വരെ പണം അടയ്ക്കണം. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാർ നിലനിൽക്കുന്നിടത്തോളം ഇൻഷുറൻസും നിലനിൽക്കണമെന്നാണ് മന്ത്രാലയ നിയമം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല