
സ്വന്തം ലേഖകൻ: വീസ അപേക്ഷകളിലുള്ള നടപടി കാലതാമസം ഒഴിവാക്കാൻ വിഡിയോ കാൾ സേവനം പ്രയോജനപ്പെടുത്തണമെന്ന ആഹ്വാനവുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). നിലവിൽ അതിവേഗമാണ് ദുബൈയിലെ ഓരോ വീസ സേവനങ്ങളും ലഭിക്കുന്നത്. എന്നാൽ, ചില സമയങ്ങളിൽ ഉപഭോക്താവിന്റെ അപേക്ഷാഫോറത്തിൻമേൽ ചില അവ്യക്തതകൾ നിലനിൽക്കാറുണ്ട്.
അതിന് പരിഹാരമായി ഓഫിസുകളിൽ പോകാതെതന്നെ വിഡിയോ കാൾ വഴി തത്സമയം എമിഗ്രേഷൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി നടപടികൾ പൂർത്തീകരിക്കാനുള്ള മാർഗമാണ് പുതിയതായി ആരംഭിച്ച വിഡിയോ കാൾ സർവിസ്. അപേക്ഷകളുടെ മേലുള്ള കാലതാമസത്തിന്റെ കാരണം അറിയാനും ആവശ്യമായ രേഖകൾ സമർപ്പിച്ച് നടപടികൾ പൂർത്തീകരിക്കാനും ഇതുപകരിക്കും. ജി.ഡി.ആർ.എഫ്.എ ദുബൈയുടെ വെബ്സൈറ്റ് മുഖേനയാണ് ഇത് സാധ്യമാകുന്നതെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അറിയിച്ചു.
ദുബൈയിലെ വിസസംബന്ധമായ എല്ലാ അന്വേഷണങ്ങൾക്കും ടോൾഫ്രീ നമ്പറായ 8005111ൽ വിളിക്കാം. എന്നാൽ, വിഡിയോ കാൾ സേവനം ഔദ്യോഗിക ചാനൽ വഴി അപേക്ഷിച്ച സേവന അപേക്ഷകളിന്മേലുള്ള നടപടികൾ പൂർത്തീകരിക്കാനുള്ളതാണെന്ന് അമർ ഹാപ്പിനസ് വിഭാഗം മേധാവി ലഫ്. കേണൽ സാലിം ബിൻ അലി അറിയിച്ചു. ഇത്തരത്തിൽ വിസസംബന്ധമായ വിവിധ സേവനങ്ങൾക്കും അന്വേഷണങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഫിനാൻഷ്യൽ, നിയമ ഉപദേശം, എമിഗ്രേഷൻ കാർഡ്, താമസ വിസ, സന്ദർശകവിസ, മാനുഷിക പരിഗണനയുള്ള ഇടപാടുകൾ, ഗോൾഡൻ വിസ, സ്വദേശികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പ്രോപർട്ടി ഇൻവെസ്റ്ററുടെ വിസകൾ തുടങ്ങിയവയെല്ലാം ഔദ്യോഗികമായി അറിയാനും ആവശ്യമായ സേവനം ലഭ്യമാകാനും ഇതിലൂടെ സാധിക്കും. നിലവിൽ വകുപ്പിന്റെ ഓഫിസ് പ്രവൃത്തിസമയമായ രാവിലെ 7.30 മുതൽ വൈകീട്ട് ആറുവരെയാണ് സർവിസ് ലഭ്യമാവുക. ഭാവിയിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല