
സ്വന്തം ലേഖകൻ: യുഎഇയിൽ കാലാവധി കഴിഞ്ഞ ടൂറിസ്റ്റ്, സന്ദർശക വീസക്കാർക്കു രാജ്യം വിടാനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടി. സെപ്റ്റംബർ 11 വരെയാണു പുതുക്കിയ സമയം. ഒറ്റത്തവണ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ. ഇതിനിടെ വീസ പുതുക്കുകയോ താമസ-തൊഴിൽ വീസയിലേക്കു മാറുകയോ വേണം.
മാർച്ച് ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ സന്ദർശക, ടൂറിസ്റ്റ് വീസയിലുള്ളവർ ഓഗസ്റ്റ് 11 നകം രാജ്യം വിടുകയോ വീസ പുതുക്കുകയോ വേണമെന്ന നിർദേശമാണു ഭേദഗതി ചെയ്തത്. മാർച്ച് ഒന്നിനു ശേഷം താമസ വീസ കാലാവധി തീർന്നവർക്കു ജൂലൈ 12 മുതൽ 3 മാസത്തിനുള്ളിൽ പുതുക്കാൻ സമയം അനുവദിച്ചിട്ടുണ്ട്.
കാലാവധി കഴിഞ്ഞ എല്ലാ വീസകൾക്കും ഡിസംബർ 31 വരെ കാലാവധി നീട്ടി നൽകിയിരുന്നതു റദ്ദാക്കിയാണു പുതിയ നിർദേശങ്ങൾ. അതേസമയം ആറ് മാസത്തില്‍ താഴെ മാത്രം വിദേശത്ത് തങ്ങിയിട്ടുള്ള ഇപ്പോള്‍ രാജ്യത്തിന് പുറത്തുള്ള യുഎഇ പൗരന്മാര്‍ക്കും ജി.സി.സി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും രാജ്യത്ത് എത്തുന്ന ദിവസം മുതല്‍ ഒരു മാസം അവരുടെ രേഖകള്‍ പുതുക്കാന്‍ സമയം അനുവദിക്കും.
2020 മാര്‍ച്ച് ഒന്നിന് ശേഷം വിസാ കാലാവധി അവസാനിച്ച ഇപ്പോള്‍ യുഎഇക്ക് പുറത്തുള്ളവര്‍ക്കും അല്ലെങ്കില്‍ ആറ് മാസത്തിലധികമായി യുഎഇയിക്ക് പുറത്തു നില്‍ക്കുന്നവര്‍ക്കും രാജ്യത്തേക്ക് മടങ്ങിവരാന്‍ പ്രത്യേക സമയപരിധി അനുവദിക്കും. വിവിധ രാജ്യങ്ങളുമായുള്ള വ്യോമഗതാഗതം ആരംഭിക്കുന്നത് അനുസരിച്ച് ഇതിനുള്ള തീയതി നിശ്ചയിക്കാനും യുഎഇ മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല