
സ്വന്തം ലേഖകൻ: യുഎഇയില്‍ എമിറേറ്റ്‌സ് ഐഡി, വീസ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 100 ദിര്‍ഹം അഥവാ 2200ലേറെ രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം, ഇന്നലെ മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വന്നതായും ഇതുമായി ബന്ധപ്പെട്ട് ഫെഡറല്‍ അതോറിറ്റിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായും യുഎഇയുടെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) യിലെ ഒരു കസ്റ്റമര്‍ കെയര്‍ ഏജന്റ് ഫീസ് വര്‍ധന സ്ഥിരീകരിച്ചതായും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ദുബായ് എമിറേറ്റില്‍ നിരക്ക് വര്‍ധനവ് നിലവില്‍ വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വരെ വിസിറ്റ് വീസയ്ക്ക് പഴയ നിരക്കാണ് ദുബായില്‍ ഈടാക്കിയതെന്ന് ട്രാവല്‍ ഏജന്‍സികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുബായിലെ വീസ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സിന്റെ സംവിധാനങ്ങളില്‍ ഇതിന് അനുസൃതമായ മാറ്റം വരുത്തുന്നതു വരെ മാത്രമേ ഈ ഇളവ് അനുവദിക്കാന്‍ ഇടയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
അധികം താമസിയാതെ ദുബായിലും ഫീസ് വര്‍ധന നിലവില്‍ വരുമെന്നും അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റ്‌സ് ഐഡി, സന്ദര്‍ശക വീസ, റെസിഡന്‍സ് വീസ എന്നിക്കെല്ലാം പുതിയ നിരക്ക് വര്‍ധന ബാധകമാക്കിയിട്ടുണ്ട്. ഇതോടെ, നേരത്തേ 270 ദിര്‍ഹമായിരുന്ന എമിറേറ്റ്‌സ് ഐഡി നിരക്ക് 370 ദിര്‍ഹമായി ഉയര്‍ന്നു.
വീസ, എമിറേറ്റ്‌സ് ഐഡി നിരക്കുകള്‍ കുത്തനെ വര്‍ധിച്ചത് പ്രവാസികള്‍ക്ക് തിരിച്ചടിയാവും. സന്ദര്‍ശക വീസയില്‍ എത്തിയവര്‍ക്ക് യുഎഇയില്‍ വച്ചു തന്നെ വീസ പുതുക്കി സ്റ്റാറ്റസ് ചെയ്ഞ്ച് ചെയ്യാന്‍ നല്‍കിയിരുന്ന അനുമതി ഈയിടെ പിന്‍വലിച്ചത് പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയ ആഘാതമായിരുന്നു. കോവിഡ് കാലത്ത് നല്‍കിയിരുന്ന ഇളവാണ് അധികൃതര്‍ പിന്‍വലിച്ചത്. ഇതോടെ വീസ പുതുക്കി സ്റ്റാറ്റസ് മാറ്റാന്‍ രാജ്യത്തിന് പുറത്തേക്ക് വിമാനം വഴി പോയി വരികയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ഇത് മൂലമുണ്ടാവുന്ന ഭാരിച്ച ചെലവിന് പുറമെയാണ് പുതിയ വീസ ഫീസ് വര്‍ധനവ്. 90 ദിവസ വീസ ഈയിടെ നിര്‍ത്തലാക്കിയ നടപടിയും പ്രവാസികള്‍ക്ക് തിരിച്ചടിയായിരുന്നു. അടുത്തിടെ വീസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നവര്‍ക്കുള്ള പിഴ 50 ദിര്‍ഹമായി ഏകീകരിച്ചിരുന്നു. ഇതുവഴി സന്ദര്‍ശക വീസക്കാരുടെ ഫൈന്‍ പ്രതിദിനം 100 ദിര്‍ഹം എന്നത് 50 ദിര്‍ഹമായി കുറഞ്ഞെങ്കിലും താമസ വീസക്കാരുടേത് 25 ദിര്‍ഹം ആയിരുന്നത് 50 ദിര്‍ഹമായി വര്‍ധിക്കാന്‍ കാരണമായിരുന്നു.
രാജ്യത്ത് തുടര്‍ന്നുവരുന്ന വീസ, റെസിഡന്‍സി നിയമ പരിഷ്‌ക്കാരങ്ങളുടെ തുടര്‍ച്ചയായാണ് ഈ നടപടികള്‍ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് യുഎഇയിലെ ഏറ്റവും വലിയ എന്‍ട്രി, റെസിഡന്‍സി പരിഷ്‌കാരങ്ങള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചത്. വിപുലീകരിച്ച ഗോള്‍ഡന്‍ വീസ സ്‌കീം, പുതിയ അഞ്ച് വര്‍ഷത്തെ ഗ്രീന്‍ റെസിഡന്‍സി, മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ, ജോബ് ഹണ്ടിംഗ് എന്‍ട്രി പെര്‍മിറ്റുകള്‍ എന്നിവ ഉള്‍പ്പെടെ വിപ്ലവകരമായ മാറ്റങ്ങളാണ് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല