
സ്വന്തം ലേഖകൻ: യു.എ.ഇയിൽ വീസ കാലാവധി കഴിഞ്ഞ് താമസിക്കുന്നവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ അടക്കണം. സന്ദർശക വീസക്കാർക്ക് 100 ദിർഹമായിരുന്നു നേരത്തെ പിഴ. ഇത് 50 ദിർഹമായി കുറക്കുകയായിരുന്നു. അതേസമയം, റസിഡൻറ് വീസക്കാരുടെ പിഴ 25 ദിർഹമിൽ നിന്ന് 50 ദിർഹമായി ഉയർത്തി.
സന്ദർശക വീസക്കാരും റെസിഡന്റ് വീസക്കാരും അനധികൃത താമസത്തിന് നൽകേണ്ട പിഴ ദിവസം അമ്പത് ദിർഹമാക്കി സർക്കാർ ഏകീകരിച്ചതോടെ സന്ദർശക വീസയിൽ വന്ന് ഓവര്‍സ്റ്റേ ആയവർക്ക് ആശ്വാസമായിരിക്കുകയാണ്. എന്നാൽ, റെസിഡന്റ് വീസയിൽ വന്ന് അനധികൃതമായി താമസിക്കുന്നവർക്ക് ഇരട്ടി പിഴയാണ് നൽകേണ്ടി വരിക. യു.എ.ഇ വീസകളിൽ കഴിഞ്ഞമാസം മൂന്ന് മുതൽ പ്രഖ്യാപിച്ച മാറ്റങ്ങളുടെ തുടർച്ചയായാണ് ഓവര്‍സ്റ്റേ പിഴകളും മാറുന്നത്. വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ചെലവഴിക്കുന്ന ദിവസങ്ങളും ഓവർ സ്റ്റേയായി കണക്കാക്കും.
വീസ പുതുക്കാനുള്ള അപേക്ഷ നടപടിക്രമങ്ങൾ ആരംഭിച്ച് 30 ദിവസത്തിനുള്ളിൽ ശരിയായ രേഖകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ അപേക്ഷ റദ്ദാകും. മൂന്ന് തവണയിൽ കൂടുതൽ തെറ്റായ രേഖകൾ സമർപ്പിച്ചാലും അപേക്ഷ റദ്ദാക്കപ്പെടും. ഇതോടെ വീണ്ടും അപേക്ഷിക്കേണ്ടി വരും. ഓൺലൈൻ, അധികൃതരുടെ വെബ്‌സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, ഹാപ്പിനസ് സെൻറർ എന്നിവ വഴി പിഴ അടക്കാം.
കഴിഞ്ഞ മാസം നടപ്പിൽ വന്ന നിർദേശമനുസരിച്ച് റസിഡൻസി വീസക്കാർക്ക് കാലാവധി അവസാനിച്ച് ആറ് മാസം വരെ ഗ്രേസ് പിരീഡ് ലഭിക്കും. ഈ സമയത്തിനുള്ളിൽ രാജ്യം വിടുകയോ പുതിയ വീസ എടുക്കുകയോ ചെയ്യണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല