1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2023

സ്വന്തം ലേഖകൻ: മുൻകൂട്ടി വീസയെടുക്കാതെ യുഎഇയിലേക്കു വരാവുന്ന രാജ്യങ്ങളുടെ എണ്ണം 60 ആയി. നേരത്തെ 40 രാജ്യങ്ങളിൽ നിന്നു വീസ ഓൺ അറൈവൽ ലഭിച്ചിരുന്നതാണ് ഇപ്പോൾ 60 ആയി ഉയർന്നത്. പുതുക്കിയ പട്ടികയിലും ഇന്ത്യ ഇല്ല. ഇന്ത്യയിലെ ഉയർന്ന ജനസംഖ്യയാണ് വീസ ഓൺ അറൈവലിനു തടസ്സമായി പറയുന്നത്. യുഎസ് വീസയുള്ളവർക്കും യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ പെർമനന്റ് റസിഡന്റ് വീസയുള്ള ഇന്ത്യക്കാർക്കും യുഎഇയിലേക്കു വീസ ഓൺ അറൈവലിൽ എത്താം.

ഇവരുടെ വീസയ്ക്ക് കുറഞ്ഞത് 6 മാസത്തെ കാലാവധി ഉണ്ടായിരിക്കണം. 14 ദിവസത്തേക്ക് വീസ ഓൺ ‍അറൈവൽ ആണ് ഇവർക്കു ലഭിക്കുക. ഇത് 14 ദിവസത്തേക്കു കൂടി നീട്ടാം.ഉയർന്ന ജനസംഖ്യയുള്ള ചൈനയ്ക്കും വീസ ഓൺ അറൈവൽ നൽകിയിട്ടില്ല. വീസ ഓൺ അറൈവലിൽ 90 ദിവസം വരെ താമസിക്കാവുന്ന 40 രാജ്യങ്ങളും 30 ദിവസം താമസിക്കാവുന്ന 20 രാജ്യങ്ങളുമാണുള്ളത്. 90 ദിവസത്തെ വീസ ലഭിക്കുന്നതിൽ അധികവും യൂറോപ്യൻ രാജ്യങ്ങൾക്കാണ്. യുഎസ് വീസയുള്ളവർക്ക് 30 ദിവസം വരെ തങ്ങാം. 30 ദിവസത്തെ വീസ 10 ദിവസം കൂടി നീട്ടാം.

വീസ ഓൺ അറൈവൽ രാജ്യങ്ങളുടെ പട്ടിക സമയബന്ധിതമായി പരിഷ്ക്കരിക്കുന്നതിനാൽ യാത്രയ്ക്ക് മുൻപ് അതാതു രാജ്യത്തെ യുഎഇ എംബസി മുഖേന സാധുത പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് ഡിജിറ്റൽ ഗവൺമെന്റ് അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ളവർ എൻട്രി പെർമിറ്റ് എടുത്തു വേണം വരാൻ. സ്വദേശിയോ യുഎഇയിലെ ഏതെങ്കിലും ഒരു കമ്പനിയോ റസിഡൻസ് വീസയുള്ള വ്യക്തിയോ എയർലൈനോ യുഎഇ ആസ്ഥാനമായുള്ള ട്രാവൽ ടൂറിസം ‍ഏജൻസിയോ സ്പോൺസർ ചെയ്താലേ ഇവർക്കു വീസ ലഭിക്കൂ. ‌‌ ജിസിസി പൗരന്മാർക്ക് ഐഡി കാർഡ് മതി യുഎഇയിൽ പ്രവേശിക്കാം. പ്രത്യേക വീസയോ എൻട്രി പെർമിറ്റോ ആവശ്യമില്ല.
വിസിറ്റ്, ടൂറിസ്റ്റ് വീസകളിൽ യുഎഇയിൽ എത്തിയവർ ശമ്പളത്തിനോ സൗജന്യമായോ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. താമസക്കുടിയേറ്റ, തൊഴിൽ നിയമം അനുസരിച്ച് വർക്ക് പെർമിറ്റും തൊഴിൽ വീസയും ഉള്ളവർക്കേ ജോലി ചെയ്യാൻ അനുവാദമുള്ളൂ. നിയമലംഘകർക്ക് തടവും പിഴയും ഉണ്ടാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.