1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2022

സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് താമസ രേഖയായി ഇന്ന് ഏപ്രില്‍ 11 മുതല്‍ എമിറേറ്റ്‌സ് ഐഡി മാത്രം മതി. പാസ്‌പോര്‍ട്ടില്‍ പതിപ്പിക്കുന്ന താമസവിസ ഇനി ആവശ്യമില്ല. വിസ സ്റ്റാമ്പിംഗ് സമ്പ്രദായം അവസാനിപ്പിക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ തീരുമാനം നിലവില്‍ വന്നതോടെയാണിത്. ഇനി മുതല്‍ വിസക്ക് പകരം ഔദ്യോഗിക തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് ഐഡി മാത്രം മതിയാകും.

ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ സമയവും അധ്വാനവും പുതിയ പരിഷ്‌ക്കാരം നടപ്പിലായതോടെ 30 മുതല്‍ 40 ശതമാനം കണ്ട് കുറയുമെന്ന് ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അധികൃതര്‍ അറിയിച്ചു. വിശദമായ പഠനത്തിന് ശേഷമാണ് താമസ രേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ അതോറിറ്റി തീരുമാനം എടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി. താമസ രേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതവും എളുപ്പവുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി.

പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പുതുതായി വിസയില്‍ എത്തുന്നവരും വിസ പുതുക്കല്‍ ആവശ്യമുള്ളവരും വിസ സ്റ്റാമ്പിംഗിനും എമിറേറ്റ്‌സ് ഐഡിക്കും രണ്ട് അപേക്ഷകള്‍ നല്‍കുകയോ അവയുമായി ബന്ധപ്പെട്ട രണ്ട് തരം നടപടിക്രമങ്ങളിലൂടെ പോവുകയോ ചെയ്യേണ്ടതില്ല. രണ്ട് അപേക്ഷകളുടെ സ്ഥാനത്ത് ഇനി ഒരു അപേക്ഷ മാത്രം മതിയാവും. എമിറേറ്റ്‌സ് ഐഡിക്കുള്ള ആപ്ലിക്കേഷന്‍ മാത്രം നല്‍കിയാല്‍ മതി. മുമ്പത്തെ പോലെ വിസ സ്റ്റാമ്പിംഗിന് പാസ്‌പോര്‍ട്ട് എമിഗ്രേഷന്‍ ഓഫീസില്‍ നല്‍കി കാത്തിരിക്കേണ്ട ആവശ്യവുമില്ല. നിലവില്‍ വിസ സ്റ്റാമ്പിംഗ് കഴിഞ്ഞ കൊറിയര്‍ വഴിയാണ് പാസ്‌പോര്‍ട്ട് പ്രവാസികളുടെ കൈകളിലെത്തുന്നത്. ഈ കടമ്പ ഒഴിവാക്കാന്‍ പുതിയ തീരുമാനത്തിലൂടെ സാധിക്കും.

പുതിയ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ മുന്നോടിയായി യുഎഇ എമിറേറ്റ്‌സ് ഐഡി അടുത്തിടെ വലിയ പരിഷ്‌ക്കരണത്തിന് വിധേയമാക്കിയിരുന്നു. പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യുന്ന വിസയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിവരങ്ങളും എമിറേറ്റ്‌സ് ഐഡിയിലും ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ഇത്. ഇതുപ്രകാരം പ്രവാസികളുടെ വ്യക്തിപരമായ വിവരങ്ങള്‍, താമസവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍, സ്‌പോണ്‍സറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവ ഐഡി കാര്‍ഡിലും ലഭ്യമാണ്. ഇ-ലിങ്ക് സംവിധാനം വഴി എവിടെ വച്ചും വായിച്ചെടുക്കാവുന്ന രീതിയിലാണ് ഈ വിവരങ്ങള്‍ തിരിച്ചറിയല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.