
സ്വന്തം ലേഖകൻ: യുഎഇയില്‍ സന്ദര്‍ശക വീസയില്‍ ദുബായില്‍ എത്തിയവരുടെ വീസാ കാലാവധി കഴിഞ്ഞാല്‍ പിഴ മാത്രം അടച്ചാല്‍ പോരാ. ഇതിനുപുറമെ രാജ്യം വിടാന്‍ ഔട്ട് പാസും വാങ്ങണം. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സിലെ കസ്റ്റമര്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
വിമാനത്താവളങ്ങളില്‍ നിന്നോ അല്ലെങ്കില്‍ കര അതിര്‍ത്തി പോയിന്‍റുകളിലെ എമിഗ്രേഷന്‍ ഓഫിസുകളില്‍ നിന്നോ ആണ് ഔട്ട് പാസ് വാങ്ങേണ്ടത്. വിമാനത്താവളങ്ങള്‍ക്കും കര അതിര്‍ത്തി പോയിന്‍റുകള്‍ക്കും പുറമെ അല്‍ അവീര്‍ ഇമിഗ്രേഷന്‍ ഓഫിസില്‍ നിന്നും ഔട്ട് പാസ് വാങ്ങാന്‍ സാധിക്കും. വീസാ കാലാവധി കഴിഞ്ഞ ശേഷം അധികമായി യുഎഇയില്‍ താമസിക്കുന്ന ഓരോ ദിവസത്തിനും പിഴ അടക്കണം. ഇതു കൂടാതെയാണ് നിശ്ചിത തുക നല്‍കി ഔട്ട് പാസ് വാങ്ങേണ്ടത്.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ നടപടികള്‍ ആരംഭിച്ചതെന്ന് ട്രാവല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. യുഎഇയില്‍ നിന്ന് പുറത്തുപോകാന്‍ വിമാനത്താവളത്തിലെത്തിയ നിരവധി പേര്‍ക്ക് ഔട്ട് പാസിനായി 200 മുതല്‍ 300 ദിര്‍ഹം വരെ നല്‍കേണ്ടി വന്നു. ദുബായിലെ സന്ദര്‍ശക വീസകള്‍ക്ക് വീസ കാലാവധി അവസാനിക്കുന്ന തീയതി മുതല്‍ സാധാരണ 10 ദിവസമാണ് ഗ്രേസ് പീരിഡ് ലഭിക്കുക.
ഔട്ട് പാസ് വാങ്ങുന്ന സന്ദര്‍ശകര്‍ രാജ്യം വിട്ടിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അല്ലെങ്കില്‍ ഇവര്‍ക്ക് താമസ വീസയ്ക്ക് ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ നല്‍കാന്‍ സാധിക്കില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല