1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 8, 2024

സ്വന്തം ലേഖകൻ: യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ നാട്ടിലുളള പ്രിയപ്പെട്ടവരുമായി ഓഡിയോ വിഡിയോ കോളുകള്‍ ചെയ്യുന്നതിനായി വിപിഎന്‍ (വെർച്വല്‍ പ്രൈവറ്റ് നെറ്റ് വർക്കുകള്‍) ഉപയോഗിക്കാറുണ്ട്. അറ്റ്ലസ് വിപിഎന്‍ ഗ്ലോബല്‍ വിപിഎന്‍ അഡോപ്ഷന്‍ ഇന്‍റക്സ് പ്രകാരം യുഎഇയില്‍ 2023ല്‍ 61 ലക്ഷം പേരാണ് വിപിഎന്‍ ഡൗണ്‍ലോഡ് ചെയ്തത്. അതായത് 2022 നേക്കാള്‍ 18.3 ലക്ഷം പേർ കൂടുതലായി വിപിഎന്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് കണക്കുകള്‍.

വെബ് അധിഷ്ഠിത സേവനങ്ങളും വെബ്സൈറ്റുകളും സ്വകാര്യത ഉറപ്പാക്കി ഉപയോഗിക്കാനായാണ് വിർച്വല്‍ പ്രൈവറ്റ് നെറ്റ് വർക്ക് പലരും തിരഞ്ഞെടുക്കുന്നത്. പ്രത്യേകിച്ചും ജീവനക്കാർ വീടുകളില്‍ ഇരുന്നാണ് ജോലി ചെയ്യുന്നതെങ്കില്‍ കമ്പനികള്‍ വിപിഎന്‍ ഉപയോഗിക്കാന്‍ അനുവദിക്കാറുണ്ട്. ഹാക്കർമാർക്ക് ഔദ്യോഗിക വിവരങ്ങളും നിർണായകമായ അഡ്മിൻ പാസ്‌വേഡുകൾ ഉൾപ്പെടെയുള്ള ഫയലുകളും കണ്ടെത്താൻ ഇതുവഴി കഴിയില്ലെന്നുളളതാണ് പ്രധാനം.

നെറ്റ്‌വർക്ക് ട്രാഫിക് എൻക്രിപ്റ്റ് ചെയ്യുകയും ഉപയോഗിക്കുന്നയാളുടെ ഐപി അഡ്രസും ലൊക്കേഷനും മാസ്ക് ചെയ്യുകയുമാണ് വിപിഎൻ ചെയ്യുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനായും വിപിഎന്‍ ഉപയോഗപ്പെടുത്തുന്നു എന്നുളളതുകൊണ്ടുതന്നെ വിപിഎന്‍ ഉപയോഗം യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്ത് വിപിഎന്‍ ഉപയോഗം നിയമവിരുദ്ധമല്ലെന്ന് വ്യക്തമാക്കുകയാണ് യുഎഇ. എന്നാല്‍ മോശം കാര്യങ്ങള്‍ക്കും നിയമവിരുദ്ധമായ പ്രവർത്തനങ്ങള്‍ക്കും വിപിഎന്‍ ഉപയോഗിച്ചാല്‍ 5,00,000 ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കും. കിവംദന്തികള്‍ക്കും സൈബർ കുറ്റകൃത്യങ്ങള്‍ക്കും എതിരെയുളള 2021 ലെ യുഎഇ ഡിക്രി നിയമം 34 പ്രകാരം നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് വിപിഎന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.

ദുരുപയോഗം ചെയ്യാനുളള സാധ്യതകള്‍ മുന്‍നിർത്തിയാണ് യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങള്‍ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുളളത്. യുഎഇയുടെ ടെലി കമ്മ്യൂണിക്കേഷന്‍സ് ആൻഡ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച് വിപിഎന്‍ ഉപയോഗിക്കുന്നതിന് വിലക്കില്ല. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആഭ്യന്തരകാര്യങ്ങള്‍ക്കായി വിപിഎന്‍ ഉപയോഗിക്കാം.

ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റിയുടെ മാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കിൻ്റെ ഉപയോഗം നിയമവിരുദ്ധമായി കണക്കാക്കില്ല. യുഎഇയിൽ കമ്പനികളും സ്ഥാപനങ്ങളും ബാങ്കുകളും ആഭ്യന്തര ആവശ്യങ്ങൾക്കായി വിപിഎന്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നിയമവിരുദ്ധമായ മാർഗങ്ങൾക്കും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനും വിപിഎൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് യുഎഇയിൽ ഗുരുതര കുറ്റമാണ്.

കുറ്റകൃത്യം ചെയ്യുന്നതിനോ, കുറ്റകൃത്യം കണ്ടെത്തുന്നത് തടയുന്നതിനായി മൂന്നാം കക്ഷിയുടെ വിലാസം ഉപയോഗിക്കുകയോ, നിരോധിത ഉളളടക്കങ്ങൾ ലഭിക്കുന്നതിനായോ വിപിഎന്‍ ഉപയോഗിക്കരുത്. സൗജന്യമായി ഓഡിയോ വിഡിയോ കോളുകള്‍ ചെയ്യുന്നതിനായും വോയ്‌സ് ഓവർ ഇൻ്റർനെറ്റ് പ്രോട്ടോക്കോൾ കോളുകള്‍ക്കായും വിപിഎന്‍ ഉപയോഗിക്കാം. എന്നാല്‍ ടിഡിആർഎ നിരോധിത ആപ്, വെബ്സൈറ്റുകള്‍, ഗെയിമുകള്‍ തുടങ്ങിയവ വിപിഎന്‍ സഹായത്തോടെ ഉപയോഗിക്കരുത്. സൈബർ തട്ടിപ്പ് നടത്തുന്നതും നിയമലംഘനത്തിന്‍റെ പരിധിയില്‍ വരും.

യുഎഇയില്‍ വിഡിയോ ഓഡിയോ കോളുകള്‍ സാധ്യമല്ലാത്ത വാട്സാപ് ഉള്‍പ്പടെയുളളവ ലഭിക്കുന്നതിനായി വിപിഎന്‍ ഉപയോഗപ്പെടുത്തുന്നവരുണ്ട്. വിപിഎന്‍ ഉപയോഗപ്പെടുത്തി സ്‌കൈപ്പ്, ഫേസ്ടൈം, ഡിസ്‌കോർഡ്, ഐഎംഒ, ഡേറ്റിങ് ആപ്പുകൾ എന്നിവയിലൂടെ ഓഡിയോ വിഡിയോ കോളുകള്‍ ചെയ്യുന്നവരുണ്ടെന്ന് നോർഡ് സെക്യൂരിറ്റി പറയുന്നു.

വിപിഎന്‍ ഉപയോഗിച്ച് വാട്സാപ് പോലെ യുഎഇയില്‍ വിഡിയോ ഓഡിയോ കോളുകള്‍ ലഭ്യമല്ലാത്ത ആപുകള്‍ ഉപയോഗിക്കുമ്പോള്‍ യുഎഇയിലെ ഐപി അഡ്രസ് മറച്ചുവച്ച് ഇവ ലഭ്യമാകുന്ന രാജ്യങ്ങളിലെ ഐപി അഡ്രസ് ഉപയോഗിച്ചാണ് ഇത് സാധ്യമാകുന്നത്. അത് നിയമപ്രകാരം പാടുളളതല്ല. നിരോധിതമായ ഉളളടക്കമുളള വെബ്സൈറ്റുകള്‍ക്കും ഗെയിമുകള്‍ക്കും ഇത് ബാധകമാണെന്നും വിദഗ്ദർ പറയുന്നു.

ഗോ ചാറ്റ്, ബോട്ടിം, വോയ്കോൾ, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സ്കൈപ് ബിസിനസ്, സൂം തുടങ്ങിയവയാണ് ടിഡിആർഎ അനുവദിച്ചിട്ടുളള വോയ്പ് ആപുകളില്‍ ചിലത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.